കാട്ടാക്കട: സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണം മുക്കിയ കേസില്‍ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍.
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കാട്ടാക്കട ശാഖ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന മാരായമുട്ടം പുലിക്കോട്ടുകോണം ഗ്രേസ് വില്ലയില്‍ ബീന(41) ആണ് പിടിയിലായത്.
വ്യാപാര വായ്പയെടുക്കാൻ വ്യാപാരികള്‍ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണത്തില്‍ നിന്നു 300 ഗ്രാമില്‍ അധികം സ്വര്‍ണം തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിലെ വനിതാ അസി.മാനേജരും മറ്റൊരു ജീവനക്കാരിയും രണ്ടു മാസം മുൻപ് അറസ്റ്റിലായിരുന്നു. പിടിയിലായ ബീന സ്ഥാപനത്തില്‍ നിന്നു പണയസ്വര്‍ണം എടുത്ത് മറ്റ് ജീവനക്കാരെ കൊണ്ട് പണയം വയ്ക്കുകയും പണം വീതിച്ച് എടുക്കുകയും ആണ് പതിവെന്ന് നേരത്തെ അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇവരെ ഞായറാഴ്ച രാത്രി 7 മണിയോടെ കാട്ടാക്കടയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബീന മാനേജരായ സ്ഥാപന മാനേജ്മെന്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ കണക്കെടുപ്പിലാണ് സ്വര്‍ണം മുക്കിയത് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സ്ഥാപന മാനേജ്മെന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.