ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ. യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയിൽ നിന്നും 5.50 ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്. ആലപ്പുഴ മാളികമുക്ക് സ്വദേശിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
പ്രതിയുടെ തിരുവനന്തപുരത്തെ വിലാസത്തിൽ അന്വേഷിച്ചപ്പോൾ സമാനമായ പല പരാതിയുണ്ടായെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ ഓഫീസ് പുട്ടിയിട്ട് എറണാകുളം കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ടിങ്ങ് ഏജൻസി നടത്തിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലും ഇവർക്കെതിരെ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.