KeralaNEWS

പീരുമേട്ടിലെ ജനവാസ മേഖലയിൽ ഒരാഴ്ചയായി കാട്ടാനകളുടെ വിളയാട്ടം, ഒടുവിൽ ആനകൾ വനത്തിലേയ്ക്കു മടങ്ങി

  പീരുമേട്: ഒരാഴ്ചയായി ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാനകൂട്ടം ഒടുവിൽ വനത്തിലേയ്ക്കു തന്നെ മടങ്ങി. മുറിഞ്ഞപുഴയിലെ വനം വകുപ്പ് ഡപ്യുട്ടി  റേഞ്ചർ സുനിൽ, ആർ.ആർ.ടി വിഭാഗം ഫോറസ്റ്റർ സെൽവരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആനയെ കാട്ടിലേക്ക് തിരികെ വിടാനുള്ള ശ്രമത്തിലായിരുന്നു. ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

മഴയും ഇരുട്ടും ആനകളെ തുരത്തുന്നതിന് വിഘാതം സൃഷ്ടിച്ചിരുന്നു. കൂടുതൽ ജനവാസ മേഖലകളിലേക്ക് എത്താതിരിക്കാൻ രാത്രിയിൽ പട്രോളിംഗ് നടത്താണ് പ്ലാനിട്ടത്.

പീരുമേട് – കുട്ടിക്കാനം സമാന്തര പാതയിൽ ഐ.എച്ച്.ആർ.ഡി കോളജിനു സമീപമാണ് ആന തമ്പടിച്ചിരുന്നത്. ഇവിടെ പ്രദേശവാസികളുടെ കൃഷിയിടങ്ങളിൽ തുടർച്ചയായി നാശം  വിതച്ചു. ആർആർടി സംഘം സ്ഥലത്ത് എത്തിയെങ്കിലും പടക്കം പൊടിച്ചും വെടിവച്ചും പകൽ ആനയെ തുരത്തുന്നത് അസാധ്യമാണെന്ന് ബോദ്ധ്യപ്പെട്ടു.

പ്രദേശം ജനനിബിഡമാണെന്നതിനു പുറമേ തൊട്ടരികെ ദേശീയപാത കടന്നു പോകുന്നതും പ്രതിസന്ധി സൃഷ്ടിച്ചു.
തുരത്തുന്നതിനിടെ ആന വിരണ്ടു ദേശീയപാതയിലേക്കോ, മറ്റോ ഓടുമോ എന്നായിരുന്നു വനംവകുപ്പിന്റെ ആശങ്ക. ഇതിനാൽ രാത്രിയിൽ ആനയെ തുരത്താനുള്ള ശ്രമത്തിലായിരുന്നു വനപാലകർ. തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ എത്തുന്ന സാഹചര്യത്തിൽ ഞായറാഴ്ച രാത്രി തന്നെ ആനയെ മുറിഞ്ഞപുഴ വനത്തിലേക്കു കയറ്റി വിടാനാണ്  വനം വകുപ്പ് അധികൃതർ ശ്രമിച്ചത്.

എന്നാൽ ഒരാഴ്ചയായി ജനവാസ മേഖലയിൽ ഇറങ്ങിയ ആനകളെ തുരത്താൻ നടപടിയെടുക്കാത്ത വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ സി പി എം ഇന്ന് (തിങ്കൾ) പൊതുജന പങ്കാളിത്തത്തോടെ ആർ.ആർ.ടി ഓഫിസ് ഉപരോധിച്ചു. ഇതിനിടെയാണ് ആനക്കൂട്ടം പിന്തിരിഞ്ഞത്.

Back to top button
error: