LocalNEWS

കോട്ടയം ജില്ലാ കളക്ടർക്ക് പൗരാവലിയുടെ സ്‌നേഹാദരവും യാത്രയയപ്പും; ഡോ പി.കെ ജയശ്രീ സുതാര്യ പ്രവർത്തനങ്ങളാൽ ജനകീയയായ കളക്ടറെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ഈ മാസം 31ന് സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീക്ക് കോട്ടയം പൗരാവലി സ്‌നേഹാദരവും യാത്രയയപ്പും നൽകി. കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത് പൗരാവലിയുടെ ഉപഹാരമായി ഫലകവും കൂറ്റൻ നിലവിളക്കും സമ്മാനിച്ചു. സുതാര്യവും, നിഷ്പക്ഷവുമായ പ്രവർത്തനങ്ങൾക്ക് കൊണ്ട് ജനകീയയായ വ്യക്തിയാണ് കോട്ടയം ജില്ലാ കളക്ടർ ഡോ: പി.കെ ജയശ്രീയെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ജനപക്ഷത്തുനിന്ന് നിയമങ്ങളെ വ്യാഖ്യാനിച്ച് ജനഹൃദയങ്ങളിൽ ഇടം നേടാൻ കളക്ടർക്കായി. സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടിയ കളക്ട്രേറ്റായി കോട്ടയം മാറുന്നതിന് പിന്നിലും കളക്ടർ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. കോവിഡ് മഹാമാരി കാലത്ത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും രോഗികൾക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിലുമടക്കം മാതൃകാപരമായ ഇടപെടലുകൾ നടത്താൻ കളക്ടർക്ക് സാധിച്ചു. കൂട്ടിക്കൽ ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളിലും ജനങ്ങൾക്ക് ആശ്വാസമാകാനും ദുരന്തബാധിതരുടെ പുനരധിവാസത്തിനും മറ്റുമായി കൃത്യമായ ഇടപെടലുകൾ നടത്താനും കളക്ടർക്കായെന്നും മന്ത്രി പറഞ്ഞു.

Signature-ad

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായി. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് വിശിഷ്ടാതിഥിയായി. എം.എൽ.എമാരായ സി.കെ ആശ, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത്, പ്രസ് ക്ലബ്ബ് സെക്രട്ടറി റോബിൻ തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ എന്നിവർ പ്രസംഗിച്ചു. ഔദ്യോഗിക കർത്തവ്യ നിർവഹണത്തിൽ സഹായമേകിയവർക്കും പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ കരുത്തേകിയവർക്കും മറുപടി പ്രസംഗത്തിലൂടെ ഡോ. പി.കെ ജയശ്രീ നന്ദി അറിയിച്ചു. കുടുംബാംഗങ്ങൾക്കൊപ്പമാണ് കളക്ടർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത്.

Back to top button
error: