KeralaNEWS

ടാഗോർ പാറയും, പരുന്തും പാറയും;പേരിനോളം തന്നെ വ്യത്യസ്തതയുള്ള ഇടുക്കിയിലെ കാഴ്ചകൾ

കൊടുംചൂടിലും കോടമഞ്ഞു പുതച്ചൊരു താഴ്‌വര…വെയിലിന്റെ ഇടവേളകളില്‍ നൂല്‍വണ്ണത്തില്‍ മഴ പെയ്യുന്നൊരിടം…പറന്നുപോകുമോ എന്നു സംശയിക്കും വിധത്തില്‍ മുന്നറിയിപ്പില്ലാതെ എത്തുന്ന കാറ്റ്… ഈ വിശേഷണങ്ങളെല്ലാം ചേരുന്ന ഒറ്റ സ്ഥലമേ കേരളത്തിലുള്ളൂ-പരുന്തുംപാറ !
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്താണ് പരുന്തുംപാറ.ഒരുതരത്തിൽ പറഞ്ഞാൽ ഇടുക്കിയേക്കാൾ‍ മിടുക്കി.പേരിനോളം തന്നെ വ്യത്യസ്തതയുണ്ട് ഇവിടുത്തെ കാഴ്ചകള്‍ക്കും.ഒരു വലിയ പരുന്ത് പറക്കാനൊരുങ്ങി നില്ക്കുന്നതുപൊലെ തോന്നിക്കുന്ന പാറക്കൂട്ടമാണ് പരുന്തുംപാറയ്ക്ക് ഈ പേരു സമ്മാനിച്ചത്.ഇതിനു സമീപമുള്ള മറ്റൊരു പാറയുടെ പേര് അതിലും രസമാണ്- ടാഗോർ‍ പാറ. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ തലയോട് സാദൃശ്യമുള്ളതുകൊണ്ടാണത്രെ ഈ പേരു വന്നത്.
മൊട്ടക്കുന്നും പച്ചപുതച്ച മലകളും പാറക്കൂട്ടങ്ങളും ആഴംകാണാത്ത കൊക്കകളും കാഴ്ചയുടെ വസന്തം തീര്‍ക്കുമ്പോള്‍ കാറ്റും ഒപ്പമെത്തുന്ന കോടയും തരുന്നത് ഒരിക്കലും മായാത്ത അനുഭവങ്ങളായിരിക്കും.ഒരു പക്ഷിയുടെ കണ്ണില്‍ കാണുന്നതുപോലെ 360 ഡിഗ്രി കാഴ്ചയാണ് പരുന്തുംപാറ സമ്മാനിക്കുന്നത്.കിഴക്കാംതൂക്കായ പാറക്കൂട്ടങ്ങളും ആകാശത്തെതൊട്ടു നില്ക്കുന്ന കുന്നുകളും ഛന്നംപിന്നം ഒഴുകുന്ന കുഞ്ഞരുവികളുമെല്ലാം പരുന്തുംപാറയ്ക്ക് നൽകുന്നത് ഇടുക്കിയേക്കാൾ തലയെടുപ്പുള്ള കാര്യങ്ങളാണ്.
 ശബരിമലയുടെ വിദൂരദൃശ്യം സാധ്യമാകുന്ന പരുന്തുംപാറയില്‍ മകരജ്യോതി ദര്‍ശിക്കാന്‍ നൂറുകണക്കിന് അയ്യപ്പഭക്തര്‍ എത്താറുണ്ട്.തേക്കടിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലം മാത്രമുള്ള പരുന്തുംപാറ കുന്നിന്‍പുറങ്ങളുടെ റാണിതന്നെയാണ്.

Back to top button
error: