KeralaNEWS

വിവാദമായ റോഡ് ക്യാമറാ കരാറിനെ പൂർണ്ണമായും ന്യായീകരിച്ചും കെൽട്രോണിനെ വെള്ളപൂശിയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്

തിരുവനന്തപുരം : വിവാദമായ റോഡ് ക്യാമറാ കരാറിനെ പൂർണ്ണമായും ന്യായീകരിച്ചും കെൽട്രോണിനെ വെള്ളപൂശിയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്. കരാറുകളെല്ലാം സുതാര്യമായിരുന്നുവെന്നും ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാർ നൽകാൻ കെൽട്രോണിന് അധികാരമുണ്ടെന്നുമാണ് റിപ്പോർട്ട്. എസ്ആർഐടി ഉപകരാ‌ർ നൽകിയ കമ്പനികളെ കുറിച്ച് കെൽട്രോൺ അറിയേണ്ട കാര്യമില്ലെന്നാണ് വ്യവസായമന്ത്രിയുടെ വിശദീകരണം.

റോഡ് ക്യാമറ കരാറിൽ ഉയർന്ന സംശയങ്ങളെയോ ആരോപണങ്ങളെയോ സ്പർശിക്കാതെയാണ് അന്വേഷണ റിപ്പോർട്ട്. കെൽട്രോണും ഗതാഗത കമ്മീഷണറുമായി 2020 ഉണ്ടാക്കിയ കരാറിൽ തന്നെ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലിൽ മന്ത്രിസഭാ തെറ്റുകള്‍ തിരുത്തി അനുമതി നൽകിയിരുന്നു. പക്ഷെ ഈ സംശയങ്ങളിലേക്കൊന്നും കടക്കാതെ കരാറിനെ പൂർണമായും വെള്ളപൂശുന്നതാണ് പ്രിൻസിപ്പിൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്. ഉയർന്ന തുകക്കുള്ള കരാർ നൽകൽ, ഉപകരാറിലെ സുതാര്യയില്ലായ്മ, ധനവകുപ്പിന്റെ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയായിരുന്നു ആരോപണങ്ങള്‍. പക്ഷെ എല്ലാം അന്വേഷണ റിപ്പോർട്ട് തള്ളുന്നു.

അതേ സമയം, ഡാറ്റ സുരക്ഷയുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ ഉപകരാർ നൽകാമെന്ന കെൽട്രോൺ വ്യവസ്ഥ പാലിക്കപ്പെട്ടുവെന്നാണ് മന്ത്രിയുടെ പ്രതികരണം. കെൽട്രോണ്‍ മാനദണ്ഡപ്രകാരം എസ്ആ‍ർടിയുമായി ഉണ്ടാക്കിയ കരാറിൽ പ്രസാദിയോയുടെ പേര് പരാമർശിക്കേണ്ടിയിരുന്നുന്നില്ലെന്നും മന്ത്രി പറയുന്നു. ക്യാമറ വാങ്ങിയത് ഉയർന്ന വിലക്കാണെന്ന ആരോപണത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ക്യാമറ ഇടപാട് ചൂണ്ടികാട്ടിയാണ് മന്ത്രി പ്രതിരോധിക്കുന്നത്.

മുൻ നടപടികളിലെ തെറ്റ് തിരുത്തിയാണ് ക്യാമറ പ്രവർത്തിപ്പിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയത്. എന്നാൽ തെറ്റ് തിരുത്തിയെന്ന ഗതാഗതവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് സെക്രട്ടറിയേറ്റ് മാന്വലിന്റെ വിരുദ്ധമാണെന്നാണ് മന്ത്രിയുടെ നിലപാാട്. കരാറിനെ ന്യായീകരിക്കുമ്പോഴും വൻകിട പദ്ധതികളുടെ കരാറിൽ ഏർപ്പെടുമ്പോൾ ഉന്നതാധികാര സമിതി പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഭാവിയിൽ കെൽട്രോണിൻറെ താല്പര്യങ്ങൾ സംരക്ഷിക്കാനും നടപടിവേണമെന്നും ആവശ്യപ്പെടുന്നു. ഉപകരാർ കിട്ടിയ കമ്പനികളുടെ അസാധാരണ സാമ്പത്തിക വളർച്ചയും അവർക്ക് അനുകൂലമായ ടെണ്ടർ നടപടികളിലേക്കൊന്നും അന്വേഷണം പോകാതെയുള്ള റിപ്പോർട്ട് പ്രതിപക്ഷം തള്ളുമെന്നുറപ്പാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: