KeralaNEWS

പാലക്കാട് എന്ന കേരളത്തിന്റെ മുഖശ്രീ

ല ഉയർത്തി നിൽക്കുന്ന കരിമ്പനകളും പച്ചപ്പ്‌ നിറഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും തന്നെയാണ് പാലക്കാടിന്റെ എന്നത്തേയും ഭംഗി.കേരളത്തനിമയാർന്ന ഗ്രാമങ്ങളുടെ ഒരു ഫീൽ കിട്ടണമെങ്കിൽ ഇന്ന് പാലക്കാട്‌ തന്നെ പോകണം.ജൈവ സാന്നിദ്ധ്യങ്ങള്‍ നിറഞ്ഞ പരിസ്ഥിതിയും വ്യവസായങ്ങള്‍ക്ക്‌ അന്തരീക്ഷം ഒരുക്കുന്ന ഭൂപ്രകൃതിയും സംസ്കാര സമ്പന്നരായ കുറെ നല്ല മനുഷ്യരും ഒക്കെ ചേർന്നതാണ് പാലക്കാടിന്റെ ഭംഗി എന്ന് പറയുന്നത്.
വയലേലകളുടേയും വേലകളുടേയും നാട്‌.പാലക്കാടിന്റെ പലേഭാഗങ്ങളും ഇപ്പോഴും ഗ്രാമങ്ങളായി തന്നെ നില നില്‍ക്കുന്നു.ഗ്രാമവും ഇടവഴിയും പാട ശേഖരവും കരിമ്പനകളില്‍ കാറ്റ്‌ പിടിയ്ക്കുന്നതും ചിത്രീകരിക്കാന്‍ സിനിമാക്കാര്‍ പോലും ഇവിടേക്ക് ഓടിയെത്തുന്നു വരിക്കാശ്ശേരി മനയും ഒറ്റപ്പാലം ഭാഷയും സിനിമാ തിരക്കഥാകൃത്തുക്കള്‍ക്ക്‌ ആവേശം പകരുന്നെങ്കില്‍ സാധാരണക്കാരുടെ ആവേശം ഗ്രാമഭംഗി നിറയുന്ന പാലക്കാടിന്റെ ഉൾനാടൻ പ്രദേശങ്ങൾ തന്നെയാണ്.

വാളയാര്‍ കടക്കുമ്പോള്‍ കരയുന്ന മലയാളി മനസ്സുകളെ തീവണ്ടി മുറികളില്‍ നാം തൊട്ടറിയുന്നത് പാലക്കാട്‌ വച്ചാണ്‌. കേരളത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം പാലക്കാടിന്റെ മാപിനിയാണ് തെക്കോട്ടും വടക്കോട്ടും ഇങ്ങനെ‌‌ അളന്നുവിടുന്നതും.കേരത്തിന്റെ ഗേറ്റ്‌ വേ ആയ പാലക്കാടിലേക്കെത്തുന്ന തീവണ്ടികളിലെ യാത്രക്കാർ പാലക്കാടിനെ അറിയുന്നത് കരിമ്പനകളുടെ തലയെടുപ്പുകൊണ്ട് മാത്രമല്ല,‌ ഒഴുകിയെത്തുന്ന സംഗീതത്തിന്റെ ഈരടികൾ -അത്‌ ചെമ്പൈയോ മണി അയ്യരോ ചിറ്റൂരെ സംഗീത വിദ്യാലയത്തിൽ നിന്നോ കൽപ്പാത്തിയിലെ അഗ്രഹാര തെരുവുകളിൽ നിന്നോ ഉയരുന്നതാവാം. ഖസ്സാക്കിന്റെ പോലുള്ള നൂറുകണക്കിന് ഇതിഹാസങ്ങൾ പിറന്ന നാട്കൂടിയാണ് പാലക്കാട്.
വെള്ളം കെട്ടി വച്ച്‌ നീന്താന്‍ കടല്‍ തീര്‍ക്കുന്ന തീം പാര്‍ക്കുകളുടെ കൃത്രിമത്വമില്ലാത്ത അനുഭവങ്ങളുടെയും കാഴ്ചകളുടെയും സാഹസികതയുടെയും എത്രയോ സ്ഥലങ്ങള്‍ ..!
ധോണി, പറമ്പിക്കുളം, സൈലന്റ്‌ വാലി, നെല്ലിയാമ്പതി, മീന്‍വല്ലം, ശിരുവാണി അങ്ങനെ….
കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്.കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതിയും പാലക്കാടിനുണ്ട്.കരിമ്പനക്കൂട്ടങ്ങളുടെ നെറുകയിൽ ചെന്തമഴിന്റെ ഈണമുള്ള കാറ്റിന്റെ താളം അങ്ങകലെ മലമ്പുഴയുടെ വിഹായസ്സിലേക്ക് മുടിയഴിച്ചിട്ടിരിക്കുന്നു.
 ചുട്ടുപൊള്ളുന്ന വെയിലിൽ കുരുത്തുമുളച്ച ഈ നാടിന്റെ തനിമകൾക്ക് ഇന്ന് കാലമേറെ കഴിഞ്ഞപ്പോഴും ഒരു മാറ്റവുമില്ല. മലയാളികൾ നട്ടു നനച്ച് വളർത്തിയ തസ്രാക്കിലെ ഓർമ്മകൾക്കെല്ലാം ഇന്നും യൗവനം.ഗതകാലത്തിന്റെ വശ്യതകൾ ഓരോന്നും വിട്ടുപോകാതെ മനസ്സിലെത്തിക്കുന്ന നാട്ടുവഴികളിൽ പാലക്കാടൻ ഗ്രാമങ്ങൾ വീണ്ടെടുക്കുന്നത് പ്രൗഢമായൊരു ഇന്നലെകളെയാണ്. വാളയാറിന്റെ അതിരുകൾ കടന്നെത്തിയ മറുനാഗരികതെയും സ്വീകരിച്ച് നല്ലമലയാളത്തെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഈ നാടിന് പങ്കുവെക്കാൻ വിശേഷങ്ങൾ ഏറെയുണ്ട്.
അരിമാവു കൊണ്ട് വീടിന്റെ പൂമുഖത്ത് കോലമെഴുതി നാരായണീയത്തിൽ മുഖരിതമായ പ്രഭാതങ്ങളെ വരവേൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കൽപ്പാത്തിയിലെ ബ്രാഹ്മണ ഗ്രാമങ്ങൾ. ചുട്ടുപൊള്ളുന്ന തട്ടിൽ നിന്നും ആവി പറക്കുന്ന രാമശ്ശേരി ഇഡ്ഡലി. കൈതയോലകളിൽ പൊതിഞ്ഞ കട്ടിമധുരമായ കരിപ്പെട്ടി.ചുടുകാറ്റ് തുപ്പി കൂവി കിതച്ചുാേപകുന്ന തീവണ്ടികൾ നെടുകെ മുറിക്കുന്ന ഊഷരമായ കൃഷിയിടങ്ങൾ.ഇതെല്ലാം കഴ്ചകളിലേക്ക് കൂട്ടിയോജിപ്പിച്ചാൽ പാലക്കാട് എന്ന ദേശം തെളിയുകയായി.
വള്ളുവനാടന്‍ നദിയോരങ്ങളിലും മണ്ണാര്‍ക്കാട്‌ മലയോരങ്ങളിലും വേറെ വേറെ കാലാവസ്ഥ അനുഭവപ്പെടുന്ന പാലക്കാട്‌ വേനലിന്റെ വറുതിയിൽ ഇന്ന് ആത്മാവിന്‌ വേദന പകരുന്ന ഒരു സ്ഥലം കൂടിയാണെന്ന് പറയാതെ വയ്യ.സൈലന്റ് വാലിയുടെ മഴക്കാടുകൾക്ക് ഏതുവേനലിലും കുളിരുണ്ടെങ്കിലും കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം പാലക്കാടാണ് !

Back to top button
error: