FeatureNEWS

വീട്ടുചിലവ് എങ്ങനെ കുറയ്ക്കാം ?

മാറ്റമില്ലാത്ത ശമ്പളവും ഓരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും ഒരു ശരാശരി കുടുംബനാഥനെ സംബന്ധിച്ച് ഏറ്റവും പിരിമുറക്കം അനുഭവിക്കുന്ന വിഷയങ്ങളിലൊന്നാണ്. മുമ്പ് ഇതിലും കുറഞ്ഞ ശമ്പളത്തില്‍ ഇതിലും മികച്ചരീതിയില്‍ കുടുംബം നോക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇന്ന് എന്തുകൊണ്ടാണ് ചെലവ് ഇത്രയേറെ കൂടുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ?
പലപ്പോഴും നാം നിസ്സാരമായി  പുച്ഛിച്ചുതള്ളുന്ന വീട്ടുഭരണം ചില്ലറക്കാര്യമല്ല.ടൈം മാനേജ്‌മെന്റ് പോലെ അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഒരു വകുപ്പാണത്.ഓരോ മാസത്തിലും കിട്ടുന്ന വലിയ ബില്ലുകളെ ലഘൂകരിക്കാന്‍ വീട്ടിലെ ഒരംഗത്തിന് മാത്രം സാധിക്കുന്ന കാര്യമല്ല.കൂട്ടായ തീരുമാനത്തിലൂടെ ഇത്തരം മാസവാടകകളെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതാണ്.

ചിലവ് വരുത്തുന്ന കാര്യങ്ങള്‍ എന്തെന്ന് കണ്ടെത്തി അതിനെ പൂര്‍ണ്ണമായും ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വലിയ മികവ് ആവശ്യമില്ല.എന്നാല്‍ വെള്ളം, വൈദ്യുതി, ഗ്യാസ് പോലുള്ള വീട്ടുചെലവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ സാധ്യമല്ല. അപ്പോഴോ? നമുക്കാകുന്ന രീതിയിൽ കുറച്ചു കൊണ്ടുവരാൻ ശ്രമിക്കണം.

എങ്ങനെ ഇത്തരം ചെലവുകളെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും?ഓരോന്നിലും ചെറിയ തോതിലുള്ള വിനിയോഗമാറ്റം വരുത്തിയാല്‍ മാത്രം മതി.ഇങ്ങനെ ഒരു വലിയ തുക തന്നെ നമുക്ക് മാസം മിച്ചം പിടിക്കാന്‍ പറ്റിയെന്നു വരാം. ഉദാഹരണത്തിന് വീട്ടിലെ ഓരോ ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉപകരണങ്ങളെ ആശ്രയിക്കാതിരിക്കുക.കിണറുണ്ടെങ്കിൽ അതിൽനിന്ന് വെള്ളം  കോരിയെടുത്ത് ഉപയോഗിച്ചാൽ മോട്ടോർ ഓൺ ചെയ്യുന്നതുവഴിയുള്ള കറന്റ് ചാർജ് കുറയ്ക്കാം.വിറക് പെറുക്കാൻ സൗകര്യമുള്ളവർക്ക് ഈ‌ രീതിയിൽ ഗ്യാസ് ഉപയോഗവും കുറയ്ക്കാം.

Signature-ad

സിം ചെയ്യുന്നത് ആ സമയത്ത് ഗ്യാസ് ഉപഭോഗം കുറക്കുകയാണെങ്കിലും ഏറെ നേരം സിം ആക്കി വെച്ചാലേ ആഹാരസാധനങ്ങള്‍ പാകമാവൂ എന്നതിനാല്‍ വലിയ തോതില്‍ ഗ്യാസ് നഷ്ടമാകാനും ഇടയാക്കുന്നുണ്ട്. അതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം സ്റ്റൗ സിം ചെയ്യുക. അല്ലാത്ത നേരങ്ങളില്‍ ആഹാരപദാര്‍ര്‍ത്ഥങ്ങള്‍ വേഗം പാകം ചെയ്ത് ഗ്യാസ് ഓഫ് ചെയ്തിടുക.

ഇനി ഇടക്കിടെ ഗ്യാസ് കത്തിച്ച് ഭക്ഷണം തയ്യാറാക്കുന്നതിലും ഉചിതമാണ് എല്ലാ ഭക്ഷണങ്ങളും ഒന്നിനുപിറകെ ഒന്നായി പാകം ചെയ്തു വെക്കുന്നത്.അങ്ങനെ വരുമ്പോള്‍ ഇടക്കിടെ ഗ്യാസ് ഓണ്‍ ചെയ്യുമ്പോള്‍ പാഴാകാനിടയുള്ള ഗ്യാസും ലാഭിക്കാം.അതേപോലെ വേവ് കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യാന്‍ പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കുക, ഭക്ഷണങ്ങള്‍ അടച്ചിട്ട് പാകം ചെയ്യുക ഇവയെല്ലാം അടുക്കളയില്‍ ഗ്യാസ് ലാഭിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

ചെലവ് കുറക്കുക എന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം. വരുംതലമുറക്ക് കൂടി അനുഭവിക്കാനുള്ള മേല്‍പ്പറഞ്ഞ ഈ ഊര്‍ജ്ജസ്രോതസ്സുകളെ സംരക്ഷിക്കേണ്ടതും നമ്മള്‍ തന്നെയാണ്. നമ്മളെ കണ്ട് വേണം ഇനിയുള്ള തലമുറയും അവരുടെ ഭാവിക്കായി ഇവയെല്ലാം സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ ശീലിക്കേണ്ടത്.

വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ ഒരു മാസത്തേക്കുള്ളത് ഒരുമിച്ച് വാങ്ങുക. വീട്ടിലൊരു അടുക്കളത്തോട്ടമുണ്ടെങ്കില്‍ പച്ചക്കറിയുടെ വില ലാഭിക്കുകയും കൂടാതെ വിഷവിമുക്തമായ പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുകയും ചെയ്യാം. മീനും ഇറച്ചിയും സ്ഥിരമായി വാങ്ങുന്നവര്‍ അതിലൊരു മാറ്റം വരുത്തിയാല്‍ തന്നെ പണം ലാഭിക്കാം. ആഴ്ചയില്‍ എല്ലാ ദിവസവും ഇറച്ചി വാങ്ങുന്നവര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമായോ മറ്റോ ആയി ചുരുക്കുക. ആരോഗ്യവും ലഭിക്കും പണവും ലാഭിക്കാം.

ഷോപ്പിംഗിനും മറ്റും അധികം തുക ചെലവാക്കുന്നത് ബജറ്റിന്റെ താളം തെറ്റിച്ചേക്കാം. ഇപ്പോള്‍ വേണ്ടത്, വേണ്ടാത്തത്, പിന്നീട് ചെയ്യാവുന്നത് എന്നിങ്ങനെ പലതും ലിസ്റ്റ് ചെയ്താല്‍ ഈ പ്രശ്‌നം ഒഴിവാക്കാം. ഷോപ്പിംഗിനുപോകുമ്പോള്‍ സാധനങ്ങള്‍ ഒരുമിച്ചുവാങ്ങുക. ഇങ്ങനെയായാല്‍ ഷോപ്പിംഗിനുവേണ്ടി അനാവശ്യ യാത്രകളും ഒഴിവാക്കാം, കൂടുതല്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ടുകളും ലഭിച്ചെന്നുവരും. പണം ലാഭിക്കാന്‍ കഴിയുന്ന മാര്‍ക്കറ്റുകള്‍, ചെറിയ കടകള്‍, സ്റ്റോറുകള്‍ എന്നിവ മനസിലാക്കി ഷോപ്പിംഗ് നടത്തുന്നത് പണം ലാഭിക്കാനുള്ള മികച്ച മാര്‍ഗമാണ്.

വീടു വാടക, വാഹന ലോൺ, സ്വർണ്ണ പണയം, മക്കളുടെ വിദ്യാഭ്യാസം, പത്രം, പാൽ, വീട്ടുചെലവ് തുടങ്ങി ഓരോ മാസവും തള്ളി നീക്കുമ്പോൾ കൈയിൽ മിച്ചമൊന്നുമില്ലെന്ന് പരാതിപ്പെടുന്നവരാണ് നമുക്കിടയിൽ ഏറെയും.സാധനങ്ങളുടെ വില ദിവസം കൂടുന്തോറും കുതിച്ചു പൊങ്ങുകയും വരവ് കുറഞ്ഞു വരികയുമാണ്.മുമ്പത്തേക്കാൾ കൂടുതൽ ശ്രദ്ധിക്കുക എന്നതു മാത്രമാണ് ഇതിനൊരു പോംവഴി.

 

Back to top button
error: