കോട്ടയം: തിടനാട് പഞ്ചായത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കേരള കോൺഗ്രസ് എം അംഗമായ വിജി ജോർജാണ് പഞ്ചായത്ത് പ്രസിഡന്റ്. മുൻ ധാരണ പ്രകാരം വിജി ജോർജ്ജ് പ്രസിഡന്റ് പദവി രാജിവെക്കേണ്ടതാണ്. എന്നാൽ സമയമായപ്പോൾ വിജി ജോർജ്ജ് രാജിക്ക് തയ്യാറായില്ല. ധാരണ തെറ്റിച്ച കേരളാ കോൺഗ്രസ് എം അംഗത്തിനെതിരെ സിപിഎമ്മും കേരളാ കോൺഗ്രസ് എമ്മും സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്. പഞ്ചായത്തിൽ ഒരംഗമാണ് സിപിഎമ്മിനുള്ളത്. കേരള കോൺഗ്രസ് എമ്മിന് മൂന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് വിജി ജോർജ്ജ് പ്രസിഡന്റായത്.
പഞ്ചായത്തിൽ ആകെ 14 അംഗങ്ങളാണ് ഉള്ളത്. കേരള കോൺഗ്രസ് എം മൂന്ന്, സിപിഐഎം രണ്ട്, സിപിഐ ഒന്ന്, സ്വതന്ത്രർ 2, യുഡിഎഫിൽ കോൺഗ്രസ് 2, ജോസഫ് ഗ്രൂപ്പ്, ബിജെപി 1, ജനപക്ഷം 2 എന്നിങ്ങനെയാണ് കക്ഷിനില. എൽഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ ഡിസംബറിൽ വിജി ജോർജ്ജ് രാജിവയ്ക്കണ്ടതായിരുന്നു. എങ്കിലും വിജി തയ്യാറായില്ല. സ്ഥലം എംഎൽഎയും കേരളാ കോൺഗ്രസിലെ മുതിർന്ന നേതാക്കളും ചർച്ച നടത്തി. എന്നിട്ടും വിജി രാജിയ്ക്ക് തയാറായില്ല. രാജിവെച്ചാൽ സ്വതന്ത്രനായി വിജയിച്ച സ്കറിയ പൊട്ടനാനിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക. എന്നാൽ കേരള കോൺഗ്രസ് എമ്മിനെ പരാജയപ്പെടുത്താൻ രംഗത്തിറങ്ങിയ ആൾക്കുവേണ്ടി രാജിവെയ്ക്കാനാകില്ലെന്ന നിലപാടാണ് വിജി ജോർജ്ജ് സ്വീകരിക്കുന്നത്.
പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിൽ കേരള കോൺഗ്രസ് എമ്മിലെ മൂന്ന് പേരിൽ രണ്ട് പേർ ഒപ്പിട്ടിട്ടില്ല. അവശേഷിക്കുന്ന എല്ലാ എൽഡിഎഫ് അംഗങ്ങളും ഒപ്പിട്ടുണ്ട്. അതിനിടെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷെറിൻ പെരുമാംകുന്നേലിനെതിരെ ബി ജെപി അംഗം നൽകിയ അവിശ്വാസ നോട്ടീസും നിലവിലുണ്ട്.