KeralaNEWS

സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഓർമപ്പെടുത്തൽ വലിയ മാറ്റം ഉണ്ടാക്കി. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട ചില സങ്കീർണ പ്രശ്നങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. താലൂക്ക് തല അദാലത്തുകളിൽ പ്രതീക്ഷിച്ചത്ര പരാതികൾ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ജോലിയിൽ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരിശീലനം അനിവാര്യമാണ്. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങൾ എങ്ങനെ വേഗത്തിൽ നൽകാം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകും. സർക്കാർ ഓഫീസുകളിൽ എത്തുന്നവരോട് ഔദാര്യമോ കാരുണ്യമോ അല്ല കാട്ടേണ്ടത്. സേവനം ഓരോ പൗരന്റെയും അവകാശമാണ്. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. കെഎഎസ് ഭരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. അഴിമതി കാട്ടുന്നവരോട് ഒരു ദയയും ഉണ്ടാകില്ല. 47000 ൽ പരം പരാതികളാണ് താലൂക്ക് തല അദാലത്തുകളിലേക്ക് കിട്ടിയത്. ഏറ്റവും അധികം പരാതികൾ കിട്ടിയത് തിരുവനന്തപുരം ജില്ലയിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

ഏറ്റവും അധികം പരാതികൾ തദ്ധേശ ഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ്. പരാതികളിൽ മേൽ നെഗറ്റീവ് അപ്രോച്ച് അല്ല വേണ്ടത്. താലുക്ക് തല അദാലത്തുകളിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കാനായി സംസ്ഥാന തല അദാലത്ത് സംഘടിപ്പിക്കണമോ എന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Back to top button
error: