IndiaNEWS

ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിച്ചത് കൊണ്ടല്ല സത്യപാല്‍ മലികിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്-  അമിത് ഷാ

ബംഗളൂരു;ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിച്ചത് കൊണ്ടല്ല സത്യപാല്‍ മലികിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തനിക്ക് ലഭിച്ച വിവരമനുസരിച്ച്‌ രണ്ടാം തവണയോ മൂന്നാം തവണയോയാണ് സത്യപാല്‍ മലികിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അന്വേഷണത്തിനിടെ പുതിയ വിവരങ്ങളോ തെളിവുകളോ കിട്ടിയതിനാലാവും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഞങ്ങള്‍ക്കെതിരെ സംസാരിച്ചതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നതിന് യാതൊരു തെളിവുമില്ലെന്നും അമിത് ഷാ പറഞ്ഞു.
പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍, മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റ വെളിപ്പെടുത്തിലിനെത്തുടര്‍ന്ന് ബിജെപി പ്രതിരോധത്തിലായിരുന്നു.ഇതിന് പിന്നാലെയാണ് മറ്റൊരു കേസിൽ സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിച്ചത്.
2018ല്‍ ജമ്മു-കശ്മീര്‍ ഗവര്‍ണറായിരിക്കേ, അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയുമായുള്ള കരാര്‍ അഴിമതി ചൂണ്ടിക്കാട്ടി മാലിക് റദ്ദാക്കിയിരുന്നു. 3.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി 2018 സെപ്റ്റംബറിലാണ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്. ഒരുമാസത്തിനകം മാലിക് കരാര്‍ റദ്ദാക്കുകയും ചെയ്തു. തെറ്റായ രീതിയിലാണ് കരാര്‍ നല്‍കിയതെന്ന് പരിശോധനയില്‍ വ്യക്തമായതായും അതേത്തുടര്‍ന്ന് കരാര്‍ റദ്ദാക്കുകയായിരുന്നുവെന്നും മാലിക് മുമ്ബ് പറഞ്ഞിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി നടപ്പാക്കിയ പദ്ധതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അദ്ദേഹത്തെ ഇപ്പോൾ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

Back to top button
error: