കേരളത്തിന്റെ കായിക മേഖലയിൽ പുത്തനുണർവ്വ് സമ്മാനിക്കുന്ന ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്. മുഖ്യമന്ത്രിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. എല്ലാ പഞ്ചായത്തിലും ഉന്നത നിലവാരമുള്ള കളിക്കളങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗകര്യങ്ങള്‍ ഒരുക്കാൻ ഓരോ കളിക്കളത്തിനും 1 കോടി രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 ലക്ഷം കായികവകുപ്പും ബാക്കി എം എല്‍ എ ഫണ്ട്, തദ്ദേശ സ്വയം ഭരണ സ്ഥാപന ഫണ്ട്, സി എസ് ആര്, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെയും സമാഹരിക്കും.
സംസ്ഥാനത്ത് 450 തദ്ദേശസ്ഥാപനങ്ങൾ നിലവാരമുള്ള കളിക്കളങ്ങളുടെ അഭാവം നേരിടുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. മൂന്നു വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കളിസ്ഥലം എന്നതിനപ്പുറം, പ്രായലിംഗഭേദമില്ലാതെ എല്ലാവർക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്നസ് കേന്ദ്രം ആണ് ഒരുക്കുക. ഏതു കായികയിനത്തിലാണ് ഊന്നേണ്ടതെന്ന് തീരുമാനിച്ച് അതിനുള്ള സൗകര്യമൊരുക്കും. കോർട്ടുകൾക്ക് പുറമേ നടപ്പാത, ഓപ്പണ്‍ ജിം, ടോയ്ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും തയ്യാറാക്കും. പ്രാദേശിക ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയാക്കി ഈ കളിക്കളങ്ങളെ മാറ്റാനാകും.
മിഴിവേറിയ മൈതാനങ്ങളിലൂടെ നമ്മുടെ ഗ്രാമങ്ങളിൽ കളിയാരവമുയരട്ടെ…