KeralaNEWS

സൂര്യാഘാതം; ജാഗ്രത വേണം

സംസ്ഥാനത്ത് ദിനംപ്രതി താപനില
ഉയരുന്നതിനാൽ സൂര്യതാപം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്.അതിനാൽതന്നെ ഇക്കാര്യത്തിൽ മുൻകരുതലുകൾ എടുക്കുന്നത് ഉചിതമായിരിക്കും.

ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും മറയ്ക്കുന്ന തരത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് ഉത്തമം. ഹാഫ് കൈ ഷര്‍ട്ടിടുന്നവര്‍ കൈപ്പത്തിവരെ മൂടുന്ന അയഞ്ഞ കോട്ടണ്‍ കൈയ്യുറ ധരിക്കുന്നത് നല്ലതാണ്. വായുസഞ്ചാരമുള്ള തൊപ്പിവയ്ക്കാം. ഇടയ്ക്കിടയ്ക്ക് ആവശ്യത്തിന് വെള്ളം കുടിച്ചു കൊണ്ടിരിക്കണം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ക്ഷീണിതരുമായവര്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് നാലുമണി വരെയുള്ള യാത്രകള്‍ ഒഴിവാക്കണം.

എ.സിയില്ലാത്ത കാറില്‍ ചില്ലുകള്‍ അടച്ചിട്ട നിലയില്‍ ദീര്‍ഘനേരം ചെലവഴിക്കരുത്. റൂഫിംഗ് ഇല്ലാത്ത കോണ്‍ക്രീറ്റ് മുറിയിലും വാതിലുകള്‍ അടച്ചിട്ടു കഴിയരുത്. നേരിട്ട് ശരീരത്തില്‍ കടുത്ത വെയില്‍ ഏല്‍ക്കമ്ബോളാണ് സാധാരണയായി സൂര്യതാപം മൂലമുള്ള പൊള്ളല്‍ ഉണ്ടാകുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ശുദ്ധമായ തണുത്ത ജലം കൊണ്ട് പൊള്ളലേറ്റ ഭാഗം നനയ്ക്കുക. ധാരാളം വെള്ളം കുടിക്കുക. ഓയില്‍ അടിസ്ഥാനമായിട്ടുള്ള ക്രീമുകള്‍, ആല്‍ക്കഹോള്‍, നിറമുള്ള മറ്റു നാട്ടുമരുന്നുകള്‍ എന്നിവ പുരട്ടരുത്. കലാമിന്‍ ലോഷന്‍ പോലുള്ള നിറമുള്ള ലേപനങ്ങള്‍ പുരട്ടിയാല്‍ ഡോക്ടര്‍ക്ക് രോഗനിര്‍ണയത്തിന് പിന്നീട് തടസമാകും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന സില്‍വര്‍ സള്‍ഫ ഡയസിന്‍ ക്രീം പുരട്ടാം. കുരുക്കളും കുമിളകളും പൊട്ടിക്കുകയോ ഐസ് മുതലായവ കൊണ്ട് അമര്‍ത്തുകയോ അരുത്.

Signature-ad

 

 

വെയിലത്ത് നടന്നു വരികയോ ചൂടുകൂടിയ സമയത്ത് അധ്വാനിക്കുകയോ ദീര്‍ഘനേരം ചൂടുകാറ്റ് ഏല്‍ക്കുകയോ ചെയ്തയാള്‍ക്ക് താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ സൂര്യാഘാതം ഏറ്റിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു സംശയിക്കണം. ശ്വാസോച്ഛ്വാസം വേഗത്തിലാവുക, വിയര്‍പ്പില്ലാതാവുക, ചര്‍മം ചൂടുള്ളതും വരണ്ടതും ആകുക, ശരീര താപനില 40 ഡിഗ്രി സെന്റീഗ്രെഡിലും കൂടുതല്‍, തലവേദന ചര്‍ദ്ദി എന്നിവയുണ്ടാവുക, ആശയക്കുഴപ്പം ശ്രദ്ധയില്ലായ്മ എന്നിവ പ്രകടിപ്പിക്കുക, ബോധക്കേട് ഉണ്ടാവുക എന്നിവയാണ് സൂര്യാഘാതത്തിന്റെ പൊതുവായ ലക്ഷണങ്ങള്‍.

Back to top button
error: