പത്തനംതിട്ട: മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ ഫോണിലൂടെ ജില്ലയില്‍ 492 കുടുംബങ്ങൾക്ക് ഉടന്‍ ഇന്റര്‍നെറ്റ് എത്തും.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്.ഒരു മണ്ഡലത്തില്‍ 100 വീതം സൗജന്യ കണക്ഷനുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിലായി 492 കുടുംബങ്ങളിലാണ് സൗജന്യ കണക്ഷന്‍ എത്തുന്നത്.ആറന്മുള, അടൂര്‍, കോന്നി, തിരുവല്ല മണ്ഡലങ്ങളില്‍ 100 വീതവും റാന്നിയില്‍ 92 ഉം ഗുണഭോക്‌താക്കളാണുള്ളത്. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്‌ക്ക് ഇതിനോടകം കെ ഫോണ്‍ കണക്ഷന്‍ നല്‍കി കഴിഞ്ഞു.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും കേരള ഫൈബര്‍ ഓപ്ടിക് നെറ്റ് വര്‍ക്ക് എന്ന കെ -ഫോണ്‍ പദ്ധതിയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാകും.സെക്കന്‍ഡില്‍ 10 മുതല്‍ 15 എംബി വേഗത്തില്‍ 1.5 ജിബി ഡാറ്റ ദിവസേന സൗജന്യമായി ലഭിക്കും.