FeatureNEWS

ദൈവത്തിന്റെ അദൃശ്യ കരങ്ങൾ  കൂട്ടമരണം ഒഴിവാക്കിയ നേരം

ഡോ. നെൽസൺ എം. മാത്യു, വെറ്ററിനറി സർജൻ എഴുതുന്നു
കോട്ടയം ജില്ലയിലെ, പാറത്തോട് പഞ്ചായത്തിൽ ഇടക്കുന്നം എന്ന കൊച്ചുഗ്രാമത്തിൽ, ജോസ് കൈപ്പൻപ്ലാക്കൽ എന്ന കർഷകന്റെ വിളി വന്നത് കഴിഞ്ഞ രാത്രി ഏകദേശം ഏഴരയോടെയായിരുന്നു. മോളുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് കേക്ക് മുറിക്കാനായി സന്ധ്യാ പ്രാർഥന നടന്നുകൊണ്ടിരിക്കുമ്പോഴാണ് നിർത്താതെ ഫോൺ അടിച്ചത്.
പരിചയമുള്ള കർഷകനാണ്.’പശുവിന് ചക്ക മടൽ കൊടുത്തു വയർ കണ്ടമാനം വീർത്ത്, ശ്വാസം മുട്ടി പശു വീണു കിടക്കുന്നു. കൈകാൽ ഇട്ട് അടിക്കുന്നു. വാഹനം കൊണ്ടു വരാം, സർ ഒന്നു വരുമോ..?’ അദ്ദേഹം ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
പ്രാർഥന വേഗം പൂർത്തിയാക്കി, കേക്ക് മുറിച്ച് കഴിയുന്നതിനു മുമ്പു തന്നെ വണ്ടി എത്തി.കർഷകന്റെ വീട്ടിലെത്തി വണ്ടി നിർത്തിയപ്പോൾ തന്നെ, പശുവിന്റെ നിർത്താതെയുള്ള കരച്ചിൽ കേൾക്കാം. ചെന്നു നോക്കിയപ്പോൾ ഉദര കമ്പനം മൂലം വയർ കണ്ടമാനം വീർത്തിട്ടുണ്ട്.ശ്വാസം വിടാൻ ബുദ്ധിമുട്ടുന്നു.രക്ഷപെടുത്താൻ പറ്റുമോ എന്ന ആശങ്ക ജോസിനെ പറഞ്ഞു മനസിലാക്കി. ഉടനെ തന്നെ ചികിത്സ ആരംഭിച്ചു. ആദ്യഘട്ട മരുന്നുകൾ ചെന്നപ്പോൾത്തന്നെ പശുവിന് കുറച്ച് ആശ്വാസമായതായി തോന്നി.
കുറച്ചു കഴിഞ്ഞ് പശുവിനെ മറിച്ചു കിടത്തി. ഇടതു വശത്തെ കൈ കോച്ചി വെട്ടി വലിച്ചതുപോലെ.ചികിത്സ തുടരുന്നതിനിടെ, പശുവിന്റെ കഴുത്തിന്റെ വട്ടക്കയറിൽ പിടിക്കുമ്പോൾ, ഷോക്ക് അടിക്കുന്നതുപോലെ എനിക്കും തോന്നി.ചികിത്സ തുടർന്നു. ഇടയ്ക്ക് കൈ കഴുകാൻ സമീപത്തുണ്ടായിരുന്ന അലുമിനിയം ബക്കറ്റിൽ വെള്ളത്തിൽ കൈ ഇടുമ്പോൾ വീണ്ടും ഷോക്ക് അടിക്കുന്ന പോലെ അനുഭവം .
അയൽക്കാർ ഉൾപ്പെടെ  9 പേർ  തൊഴുത്തിൽ ഉണ്ടായിരുന്നു. അവരോട്, ഇക്കാര്യം പറഞ്ഞപ്പോൾ അവർ പരിശോധന നടത്തി. തൊഴുത്തിലേക്ക് കൊടുത്തിരിക്കുന്ന ഇലക്ട്രിക് വയറിന്റെ ജോയിന്റ് ഭാഗത്തു നിന്നും, ജിഐ  പൈപ്പ് വഴിയാണ് പ്രശ്നം. ഉടനെ തന്നെ, മെയിൻ ഓഫ് ചെയ്ത് ഇലക്ട്രിക് വയർ അഴിച്ചു മാറ്റി.ചികിത്സ തുടതുടർന്നു.പിന്നീട് വെള്ളം ഒഴിച്ചപ്പോൾ പശു എഴുന്നേറ്റു.10.30ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ജന്മദിനത്തിന് ഉണ്ടാക്കിയ  ഫ്രൈഡ് റൈസ് തണുത്തു പോയിരുന്നു.
ഇന്നലെ രാവിലെ ജോസ്  സന്തോഷത്തോടെ വിളിച്ചു.പശു സാധാരണ രീതിയിൽ തീറ്റ എടുത്തു തുടങ്ങിയെന്ന്. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ ആവാം കൂട്ടമരണങ്ങൾ ഒഴിവാക്കിയത്… ഞാൻ പറയാൻ പോയില്ല!

(പ്രതീകാത്മക ചിത്രം)

Back to top button
error: