KeralaNEWS

സ്വകാര്യ ബസ്സുകളുടെ കൊള്ള;ഉത്സവ സീസണിൽ ‍ കൂടുതൽ ട്രെയിന്‍ അനുവദിക്കണം

പാലക്കാട്:ഉത്സവകാല തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ട്രെയിന്‍ അനുവദിക്കാത്തതിനാല്‍ മറുനാടൻ മലയാളികളുടെ യാത്രാദുരിതം ഇരട്ടിയാകുന്നു.ചെന്നൈ, ബാംഗ്ലൂര്‍,ഹൈദരബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. 13 മുതല്‍ 20 വരെയുള്ള തീയതികളില്‍ വെയിറ്റിംഗ് ലിസ്റ്റ് 50 മുതല്‍ 150നും മുകളിലാണ്.

ചെന്നൈയില്‍ നിന്നുള്ള ആലപ്പി എക്സ്പ്രസ്, ചെന്നൈ മെയില്‍, മംഗളൂരു- ചെന്നൈ തുടങ്ങിയ ട്രെയിനുകളില്‍ ടിക്കറ്റില്ല. എം.ജി.ആര്‍ ചെന്നൈ- തിരുവനന്തപുരം, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ഷാലിമാര്‍ എക്സ്പ്രസ്, ചെന്നൈ എഗ്‌മോര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍, പട്ന- എറണാകുളം സ്‌പെഷ്യല്‍, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, എം.ജി.ആര്‍ ചെന്നൈ- പാലക്കാട് ജംഗ്ഷന്‍ എന്നീ ട്രെയിനുകളിലും 13 മുതല്‍ പെരുന്നാള്‍ കഴിയുന്നതുവരെ സ്ലീപ്പര്‍, എസി കോച്ചുകളില്‍ ടിക്കറ്റില്ല.മടങ്ങിപ്പോക്കിനും ഇതേ അവസ്ഥയാണ്.

 

മുംബൈയിലേക്ക് പാലക്കാട് വഴിയുള്ള കന്യാകുമാരി-പൂനെ എക്സ്പ്രസ്, ദാദര്‍- ടെന്‍ എക്സ്പ്രസ്, ഹിസാര്‍- കോയമ്ബത്തൂര്‍ എന്നിവയിലും ടിക്കറ്റില്ല. ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസിലും സ്ഥിതി വ്യത്യസ്തമല്ല. ബംഗളൂരുവില്‍ നിന്നുള്ള യാത്രയും ദുരിതം തന്നെ. എറണാകുളം സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം എക്സ്പ്രസ്, കന്യാകുമാരി എക്സ്പ്രസ്, യശ്വന്ത്പുര്‍ ഗരീബ് രഥ് തുടങ്ങിയ ട്രെയിനുകളെല്ലാം ഫുള്ളാണ്. സ്ലീപ്പര്‍ മാത്രമല്ല, തേര്‍ഡ് എസി, സെക്കന്‍ഡ് എസി ടിക്കറ്റുകളുമില്ല.

 

ജനറല്‍ ടിക്കറ്റുകളുടെ എണ്ണം കുറച്ച്‌ തല്‍ക്കാല്‍, പ്രീമിയം തല്‍ക്കാല്‍ ടിക്കറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും യാത്രക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. എം.ജി.ആര്‍ ചെന്നൈ- തിരുവനന്തപുരം മെയിലില്‍ ചെന്നൈയില്‍ നിന്ന് പാലക്കാട്ടേക്ക് സ്ലീപ്പറില്‍ 355 രൂപയും തേര്‍ഡ് എസിക്ക് 935ഉം സെക്കന്‍ഡ് എസിക്ക് 1310 രൂപയുമാണ് നിരക്ക്. തല്‍ക്കാല്‍ എടുക്കണമെങ്കില്‍ ഇത് 455, 1250,1730 രൂപ എന്നിങ്ങനെയാണ്.പ്രീമിയം തല്‍ക്കാലാണെങ്കില്‍ സാധാരണ ദിവസങ്ങളില്‍ 1020, 2175, 2705 രൂപ വരെയാണ്.

 

വിഷു- റംസാന്‍ അടുത്തതോടെ സ്വകാര്യ ബസ് നിരക്കിലെ വര്‍ദ്ധന 60- 90 ശതമാനം ആണ്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിലും അവധിക്ക് ശേഷമുള്ള മടക്ക ട്രെയിനുകളിലും ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുമ്ബേ തീര്‍ന്നു. ഇതും ബസ് നിരക്കിലെ കൊള്ളയ്ക്ക് വഴിയൊരുക്കി.ബംഗളൂരുവില്‍ നിന്ന് പാലക്കാട്ടേക്ക് എ.സി സ്ലീപ്പറിനു 3000 മുതല്‍ 5000 രൂപ വരെ ഈടാക്കുന്നുണ്ട്. യാത്രാ ചെലവിലുണ്ടായ വര്‍ദ്ധന താങ്ങാനാവുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

Back to top button
error: