തിരുവനന്തപുരം: രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ പറയുന്നിടത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണം എന്ന് ഗതാഗത വകുപ്പിന്റെ നിർദേശം.മന്ത്രി ആന്റണി രാജുവാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കു രാത്രി 10 മുതല്‍ രാവിലെ 6 വരെ അവര്‍ ആവശ്യപ്പെടുന്നിടത്തു കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഉത്തരവിൽ പറയുന്നു.
സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇതു ബാധകമാണ്. ‘മിന്നല്‍’ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തണം.
രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാലും സ്റ്റോപ്പില്‍ മാത്രമേ ഇറക്കൂ എന്നു കണ്ടക്ടര്‍ നിര്‍ബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികള്‍ വരുന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചത്.
രണ്ടാഴ്ച മുന്‍പ് ന്യൂസ് ദെൻ ഇതു സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.