KeralaNEWS

സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം കേന്ദ്രസർക്കാർ പിൻവലിച്ചു

ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നൽകിയ കത്ത് കേന്ദ്ര സർക്കാർ പിൻവലിച്ചു.ഇതു സംബന്ധിച്ച് കേന്ദ സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
തന്‍റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു.അതേസമയം പിൻവലിക്കാനുള്ള കാരണം കേന്ദ്ര സർക്കാർ കോടതിയെ ബോധിപ്പിച്ചിട്ടില്ല.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, ഫൈസൽ ഫരീദ്, സരിത്,  എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ 2020 ആഗസ്റ്റിലാണ് എൻഫോഴ്സ്മെന്റ് കത്തുകൊടുത്തത്.ഇതിൽ മറ്റൊരു പ്രതിയായ അബൂബക്കർ പഴയിടത്തിന്റെ ഉടമസ്ഥതയിലുള്ള ജ്വലറിയിൽനിന്ന് അഞ്ചുകിലോ സ്വർണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നേരത്തെ കണ്ടുകെട്ടിയിരുന്നു.പിടിച്ചെടുത്തത് കടത്തുസ്വർണമല്ലെന്നും എന്നാൽ കള്ളക്കടത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വർണമാണെന്നുമാണ് ഇ.ഡി. അധികൃതർ പറഞ്ഞത്.

സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവർ ഉൾപ്പെട്ട നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതിയാണ് അബൂബക്കറും. സരിത്തുമായി ഇയാൾക്ക് ഉറ്റബന്ധമാണുള്ളത്. നയതന്ത്ര സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ പ്രധാനിയുമായിരുന്നു. കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയതായി അബൂബക്കറും സമ്മതിച്ചിരുന്നു. ഈ കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഇ.ഡി. പരിശോധന നടത്തിയത്.

 

സ്വർണക്കടക്ക് കേസിൽ എൻഐഎയ്ക്ക് പുറമേ കസ്റ്റംസും അന്വേഷണം നടത്തിയിരുന്നു.  കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷം 2021 നവംബർ 6 നാണ് സ്വപ്ന സുരേഷിന് ജാമ്യം ലഭിക്കുന്നത്.ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം നൽകിയത്.എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയടക്കം മൊത്തം ഏഴു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

 

എന്‍ഐഎ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ സ്വര്‍ണക്കടത്ത് കേസായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ളത്.കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്.

Back to top button
error: