KeralaNEWS

ബ്രഹ്മപുരം ഫോറന്‍സിക് റിപ്പോർട്ട്: സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റിന് തനിയെ തീപ്പിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് വന്നത്. മുഖ്യമന്ത്രി നിയമസഭയിലും സോണ്ടയ്ക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരനെ വഞ്ചിച്ച സംഭവം ഗൗരവതരമാണെന്നും കെസുരേന്ദ്രൻ പറഞ്ഞു.

കമ്പനിയുടെ അന്താരാഷ്ട്ര ഇടപാടുകൾ പരിശോധിക്കണം. മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ ഡയറക്ടറായ കമ്പനിയും മുഖ്യമന്ത്രിയുമായ വഴിവിട്ട ബന്ധമാണ് കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ അവർക്ക് മാലിന്യ നിർമ്മാർജ്ജന കരാർ ലഭിക്കാൻ കാരണം. കേരള സർക്കാരിലെ സ്വാധീനം ഉപയോഗിച്ചാണ് സോണ്ട നിക്ഷേപകരെ ചതിക്കുന്നതെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരിന്റെ ഇത്തരം സമീപനം രാജ്യത്തിന് തന്നെ നാണക്കേടായിരിക്കുകയാണ്. കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ കമ്പനിയുമായി കരാർ തുടരുന്നത് വിദേശത്ത് നടന്ന ഈ ഡീലിന്റെ അടിസ്ഥാനത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Signature-ad

അതേസമയം അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിൻറെ വജ്ജ്രായുധമായ ലോകായുക്ത, നീതിനിർവഹണത്തിൽ സമ്പൂർണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തിൽ ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ആവശ്യപ്പെട്ടു. അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാൻ അസംബന്ധങ്ങൾ കുത്തിനിറച്ച ഇതുപോലൊരു വിചിത്രമായ വിധി കേരളത്തിൻറെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് കെ സുധാകരൻ പറഞ്ഞു.

സുപ്രീംകോടതിയും ഹൈക്കോടതിയുലമൊക്കെ സുദീർഘകാലം പ്രവർത്തിച്ച് പരിചയസമ്പത്ത് നേടിയ പ്രഗത്ഭരായ ലോകായുക്ത അംഗങ്ങൾ ഇത്തരമൊരു അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിൻറെ ചേതോവികാരമാണ് ഇപ്പോൾ നാലുപേർ കൂടുന്നിടത്തൊക്കെ ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ തിട്ടൂരത്തിനു മുന്നിൽ മുട്ടുമടക്കിയതാണോ, അതോ ഇതിൻറെ പിന്നിൽ ഡീൽ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾ തലനാരിഴകീറി പരിശോധിക്കുന്നു. നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദിനംപ്രതി ഇടിഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നതെന്ന് സുധാകരൻ വ്യക്തമാക്കി.

Back to top button
error: