കട്ടന്‍ചായക്കു മുട്ടൻ ഗുണങ്ങൾ, പക്ഷേ അമിതമായാല്‍ കട്ടൻ ചായയും ദോഷകരം
മിതമായ അളവില്‍ കട്ടന്‍ചായ ആരോഗ്യകരമാണ്. എന്നാല്‍ അമിതമായാല്‍ അത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. മിതമായ അളവില്‍, അതായത് ദിവസം ഏതാണ്ട് 4 കപ്പ് വരെ, കട്ടന്‍ചായ കുടിക്കുന്നത് സുരക്ഷിതമാണ്. ഇതില്‍ കഫീന്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അളവ് കൂടിയാല്‍ ദോഷകരമാണ്. കട്ടന്‍ചായ അമിതമായാല്‍ ചെറിയ തലവേദന മുതല്‍ ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും വരെ കാരണമായേക്കാം. കട്ടന്‍ചായയില്‍ ധാരാളം ടാനിനുകള്‍ ഉണ്ട്. ഇതാണ് ചായയ്ക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നല്‍കുന്നത്.
കട്ടന്‍ചായ കൂടുതല്‍ കുടിച്ചാല്‍ ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും. ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയ്ക്കു കാരണമാകും. കൂടാതെ, വര്‍ധിച്ച ഹൃദയമിടിപ്പിനും ശരിയായ മര്‍ദ്ദത്തില്‍ ഹൃദയത്തിന് രക്തം പമ്പു ചെയ്യാന്‍ സാധിക്കാത്തതു മൂലമുള്ള ഹൃദയത്തകരാറിനും കാരണമാകും. കൂടിയ അളവില്‍ പതിവായി ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കു കാരണമാകും. വയറുവേദന, ഗ്യാസ്ട്രബിള്‍, ഓക്കാനം, ഛര്‍ദി, ഉദരത്തിലെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഉണ്ടാകാം. 10 ഗ്രാമിലധികം കഫീന്‍ അടങ്ങിയ കട്ടന്‍ചായ കൂടിയ അളവില്‍ കുടിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കഫീന്‍ അമിതമായാല്‍ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറയുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുകയും കഫീന്‍ ടോക്സിസിറ്റിക്കു കാരണമാകുകയും ചെയ്യും.
കഫീന്‍ അമിതമായാല്‍ വിറയല്‍, പരിഭ്രമം, തലവേദന, ഉമിനീര്‍ വറ്റുക, ഉറക്കമില്ലായ്മ ഇവയ്ക്കെല്ലാം കാരണമാകും. കട്ടന്‍ചായ പതിവായി കുടിച്ചാല്‍ ക്രമേണ പല്ലിന്റെ നിറം മാറി മഞ്ഞക്കറ വരാനും ഇടയാക്കും.