NEWSWorld

ബുദ്ധമതാനുയായികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കന്‍ മംഗോളിയന്‍ വംശജനായ എട്ട് വയസുകാരൻ; തെരഞ്ഞെടുപ്പ് ചൈനയുടെ അംഗീകാരത്തിന് വില കല്‍പ്പിക്കാതെ

ബുദ്ധിമതാനുയായികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കൻ മംഗോളിയൻ വംശജനായ എട്ട് വയസുകാരനായ കുട്ടിയെ ദലൈ ലാമ തെരഞ്ഞെടുത്തു. പത്താമത്തെ ഖൽഖ ജെറ്റ്സൺ ദമ്പ റിൻപോച്ചെയുടെ പുനർജന്മാമാണ് ഈ ബാലനെന്ന് കരുതപ്പെടുന്നു. പഞ്ചൻ ലാമയ്ക്ക് ശേഷം ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ മൂന്നാമത്തെ ഉയർന്ന മതനേതാവാകും ഈ പുതിയ ലാമ. പുതിയ ലാമയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടി യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മുൻ മംഗോളിയൻ പാർലമെൻറ് അംഗത്തിൻറെ ചെറുമകനുമാണ്.

മംഗോളിയയിലെ ഉലാൻ ബാറ്റോറിലെ ഏറ്റവും സമ്പന്നമായ ബിസിനസ്, രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് പുതിയ ലാമയെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. അഗ്വിഡൗ, അചിൽതായ് അത്തൻമാർ എന്നീ ഇരട്ട സഹോദരന്മാരിൽ ഒരാളാണ് പത്താമത്തെ ഖൽഖയായി തെരഞ്ഞെടുക്കപ്പെട്ട എട്ട് വയസുകാരൻ. പുതിയ മംഗോളിയൻ ടിബറ്റൻ നേതാവിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ടിബറ്റൻ ബുദ്ധിസ്റ്റുകൾ തയ്യാറല്ല. ചൈന കുട്ടിയെ ലക്ഷ്യമിടുമെന്ന ഭയം തന്നെ കാരണം.

ഈ തെരഞ്ഞെടുപ്പ് ചൈനയ്ക്ക് സ്വീകാര്യമല്ലെന്നതാണ് യാഥാർത്ഥ്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തെരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ ചൈന അംഗീകരിക്കുകയുള്ളൂ. പുതിയ ലാമയായി ഈ കുട്ടിയെ അഭിഷേകം ചെയ്യിക്കാനുള്ള നീക്കം ചൈനയ്ക്ക് സ്വീകാര്യമല്ല. ഫെബ്രുവരി അവസാനം ഗണ്ഡൻ മതപാഠശാലയിൽ നടന്ന ചടങ്ങിലാണ് പുതിയ ലാമയെ തെരഞ്ഞെടുത്തതെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരുന്നതും ഇതേ കാരണത്താലാണ്. എന്നാൽ പുതിയ ലാമയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ചൈന ഇതുവരെയും ഔദ്ധ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

1949 ലാണ് ചൈന ടിബറ്റിലേക്ക് അധിനിവേശം നടത്തുന്നത്. 73 വർഷത്തിനിപ്പുറവും തങ്ങൾ ചൈനയോട് സമരസപ്പെടാൻ തയ്യാറല്ലെന്ന് തന്നെയാണ് പുതിയ ലാമയുടെ തെരഞ്ഞെടുപ്പിലൂടെ ടിബറ്റൻ ബുദ്ധിസ്റ്റുകളും 14 -മത്തെ ദലൈലാമയും പ്രഖ്യാപിക്കുന്നത്. നേരത്തെ തന്നെ ടിബറ്റൻ ബുദ്ധ മതാനുയായികളുടെ നാല് മതപാഠശാലകളിലെ ഉന്നത ലാമകളുടെ ഔദ്യോഗിക പുനർജന്മ പ്രഖ്യാപന അധികാരം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗിൻറെ ടിബറ്റൻ നയത്തിൻറെ ഭാഗമായി റദ്ദാക്കിയിരുന്നു. 14 -മത്തെ ലാമയായ ദലൈ ലാമയ്ക്ക് ഇപ്പോൾ 87 വയസാണ്. ചൈനീസ് അധിനിവേശ കാലത്ത് ടിബറ്റിൻ നിന്നും ഇന്ത്യയിലേക്ക് അഭയാർത്ഥിയായാണ് അദ്ദേഹം എത്തിയത്. ഇന്ന് അദ്ദേഹം ഒരു ക്യാൻസർ രോഗി കൂടിയാണ്.

Back to top button
error: