KeralaNEWS

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എട്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയം

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വീണ്ടും വിജയകരമായി പൂർത്തിയാക്കി. കോട്ടയം പള്ളിക്കച്ചിറ സ്വദേശി എം ആർ രാജേഷാണ് (35) ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ  മസ്തിഷ്ക മരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയമാണ്  രാജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാനം ഏകോപിപ്പിക്കുന്ന കെ സോട്ടോ വഴി സാധ്യമായത്.
നാല് വർഷം മുമ്പാണ് മേസ്തിരിപ്പണിക്കാരനായ രാജേഷിന് ഹൃദയ ധമനികളിലെ വാൽവുകൾക്കു പ്രവർത്തനശേഷി കുറയുന്ന അവസ്ഥയിലായത്. പിന്നീട് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.
ഇന്നലെയാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി കെ ജയകുമാറിൻ്റെ നേതൃത്വത്തിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.
ഇന്ത്യയിൽ തന്നെ ആദ്യമായി സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റശസ്ത്രക്രിയ നടത്തിയതും കോട്ടയം മെഡിക്കൽ കോളേജിൽ ഡോ. ടി കെ ജയകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിനേയും മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. ഒപ്പം അവയവം ദാനം നല്‍കിയ ശ്യാമള രാമകൃഷ്ണന്റെ ബന്ധുക്കള്‍ക്കും മന്ത്രി നന്ദിയറിയിച്ചു.

Back to top button
error: