ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിൽ സ്പീഡ് ബോട്ട് ഇടിച്ച് അപകടം. ആലപ്പുഴയിൽ നിന്നും കാവാലത്തേക്ക് യാത്ര തിരിച്ച എ 64 എന്ന ബോട്ടിന്റെ മുൻവശത്താണ് സ്പീഡ് ബോട്ട് ഇടിച്ചുകയറിയത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചതെന്നാണ് സ്പീഡ് ബോട്ടിലുള്ളവർ പറഞ്ഞതെന്ന് ജലഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി. ജലഗതാഗത വകുപ്പിന്റെ പരാതിയെ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടം നടക്കുമ്പോൾ യാത്രാ ബോട്ടിൽ 22 പേരുണ്ടായിരുന്നു. നെഹ്റുട്രോഫി വാർഡിലുള്ള ജെട്ടിയിലേക്ക് അടുക്കുമ്പോഴായിരുന്നു സംഭവം.
അപകടത്തിൽ ജലഗതാഗത വകുപ്പിന് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. ഇത് സംബന്ധിച്ച വിശദമായ പരിശോധനകൾ നടക്കുകയാണ്. ശക്തമായ ഇടിയിൽ ബോട്ട് ആടി ഉലഞ്ഞെങ്കിലും ജീവനക്കാരിടപെട്ട് ബോട്ട് സുരക്ഷിതമായി ജെട്ടിയിലേക്ക് അടുപ്പിച്ചു. യാത്രക്കാരെ മറ്റൊരു ബോട്ടിൽ കൊണ്ടുപോയി. മുൻപും സ്പീഡ് ബോട്ടുകൾ അപകടങ്ങളുണ്ടാക്കിയിരുന്നു. അതിവേഗത്തിൽ ചീറിപാഞ്ഞ് വരുന്ന സ്പീഡ്ബോട്ടുകൾ അപകട സാധ്യതയുണ്ടാക്കുന്നതായി ആരോപണമുണ്ട്. സ്പീഡ് ബോട്ടുകളെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ വേണമെന്നാണ് ബോട്ട് യാത്രക്കാർ ആവശ്യപ്പെടുന്നത്.