തെങ്ങിന്റെ വെള്ളയ്ക്കാ പൊഴിച്ചിലിന് ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ച് തെങ്ങിൻ തടത്തിൽ ഒഴിക്കുക
കൊമ്പൻ ചെല്ലി, ചുവന്ന ചെല്ലി ഇവയെ നിയന്ത്രിക്കുവാൻ 25-40 ഗ്രാം ഫുറഡാൻ തെങ്ങിന്റെ കൂമ്പിലിടുക.
തെങ്ങിൻ തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്, അവിടെ ചാരവും ഉപ്പും പൊടിയും ചേർത്ത് പുരട്ടുക. പിന്നെ ആക്രമണം ഉണ്ടാവുകയില്ല.
കുളങ്ങളിലെ അടിച്ചേറ് വേനൽക്കാലത്ത് കോരി തെങ്ങിനിടുക. ഇത് തെങ്ങിന് പറ്റിയ ജൈവ വളമാണ്.
ചുവന്ന ഉള്ളിയും കാരവും കൂടി അരച്ച് കൂമ്പിൽ പുരട്ടിയാൽ തുടക്കത്തിൽത്തന്നെ കാറ്റുവീഴ്ചയെ നിയന്ത്രിക്കാം.
തെങ്ങിന്റെ മണ്ട നന്നായി തെളിച്ച് വൃത്തിയാക്കി ഉപ്പും, തുരിശും, ചാരവും കൂട്ടിയിളക്കി മണ്ടയിൽ തൂകുക. കാറ്റു വീഴ്ചയെ പ്രതിരോധിക്കാനാകും.
കാറ്റു വീഴ്ച തടയാൻ അഞ്ചുകിലോ കറിയുപ്പും, അഞ്ചുകിലോ ഉള്ളിയും (മാർക്കറ്റിൽ പുറന്തള്ളുന്നത്) ചേർത്ത് തടങ്ങളിൽ ഇടുക.
തെങ്ങിന്റെ കവിളിൽ കായം ഇടുക. ചെമ്പൻ ചെല്ലിയുടെ ഉപദ്രവം മാറും.
ചെന്നിരൊലിപ്പ് ഉള്ള ഭാഗങ്ങളിൽ ടാർ പുരട്ടുക. രോഗം നിയന്ത്രണ വിധേയമാകും.
തെങ്ങിന്റെ മണ്ടയിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടാൽ ചെല്ലി, ചുണ്ടൻ എന്നിവയുടെ ആക്രമണത്തിൽ നിന്ന് തെങ്ങിനെ രക്ഷിക്കാം. മഴക്കാലത്താണ് ഇത് ചെയ്യേണ്ടത്. കാലവർഷം വരുമ്പോൾ വേപ്പിൻ പിണ്ണാക്ക് അലിഞ്ഞ് ഒലിച്ചിറങ്ങി തെങ്ങിൻ ചുവട്ടിലെത്തുന്നു. അത് വളമായും പ്രയോജനപ്പെടുന്നു.
തെങ്ങിൻ തോപ്പുകളിലും മറ്റു വൃക്ഷത്തോട്ടങ്ങളിലും ഉല്പാദനം കൂട്ടാൻ ഇടയ്ക്ക് കരിയില കൂട്ടി തീയിടുന്നത് നല്ലതാണ്. തീയിടുന്നതുകൊണ്ട് കാർബൺ ഡയോക്സൈഡ് ഉല്പാദിപ്പിക്കപ്പെടുകയും പ്രകാശ സംശ്ലേഷണം വർദ്ധിക്കുകയും ചെയ്യുമെന്നുള്ളതിനാൽ ഉൽപാദനം കൂടുന്നു.
മൺസൂണിനു മുന്പും , അതിനു ശേഷവും തെങ്ങിന്റെ കൂമ്പിൽ ബോർഡോമിശ്രിതം ഒഴിച്ചാൽ കൂമ്പ് ചീയൽ ഉണ്ടാവുകയില്ല. ഓല കരിച്ചിൽ തടയാൻ ഇത് ഉത്തമമാണ്.
.
തെങ്ങിന് കറിയുപ്പ് ഇടുന്നതുമൂലം മണ്ണിൽ നിന്നും കൂടുതൽ പൊട്ടാഷ് ലഭ്യമാകാനിടയാകുന്നു.
തെങ്ങിൻ തോപ്പിൽ തേനിച്ച വളർത്തിയാൽ അത് പരാഗണത്തെ സഹായിക്കും. മെച്ചപ്പെട്ട വിളവും ലഭിക്കും.
.
മൺകുടത്തിൽ വെള്ളം നിറച്ചതിനു ശേഷം, തീരെ ചെറിയ ദ്വാരമിട്ട് തെങ്ങിൻ ചുവട്ടിൽ കുഴിച്ചിടുക. ചെലവു കുറഞ്ഞതും അത്യന്തം കാര്യക്ഷമവുമായ ഒരു തരം കണിക ജലസേചനമാണ് ഇത്.
കുമ്മായവും ഉപ്പും ചേർന്ന മിശ്രിതം ഇടയ്ക്കിടെ തെങ്ങിൻ ചുവട്ടിലിട്ടു കൊടുക്കുക. പേട്ടു തേങ്ങാ ഉണ്ടാകുന്നത് നിയന്ത്രിക്കാം