KeralaNEWS

യുവതികൾ കള്ളു കുടിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു, വിഡിയോ തരംഗമായി; പക്ഷേ യുവതി അറസ്റ്റിലായി

കൂട്ടുകാരികളോടൊപ്പം കള്ളുഷാപ്പിലിരുന്ന് കള്ളു കുടിക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തൃശൂർ ചേർപ്പ് സ്വദേശിനി അഞ്ജനയെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. മദ്യപാനം പ്രോൽസാഹിപ്പിക്കൽ, മദ്യ ഉപയോഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവ തടയാൻ അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പു ചുമത്തിയാണ് അറസ്റ്റ്.

തൃശൂര്‍ കുണ്ടോളിക്കടവ് കള്ളുഷാപ്പില്‍ 5 കൂട്ടുകാരികള്‍ക്കൊപ്പം കള്ളുകുടിക്കുന്ന വീഡിയോ ആണ് യുവതി റീലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതത്. ഇന്‍സ്റ്റഗ്രാമില്‍ റീച്ച് കുട്ടാനാണ് യുവതി ഇത് ചെയ്തതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിഡിയോ അതിവേഗം തരംഗമായി. ഇതോടെ എക്സൈസ് സ്പെഷൽ സ്ക്വാഡ്  സൈബർസെൽ സഹായത്തോടെ അക്കൗണ്ട് ഉടമയെ കണ്ടെത്തുകയും  കേസെടുക്കുകയും ചെയ്തു.

തുടർന്ന് അക്കൗണ്ട് ഉടമയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. സിനിമകളിലടക്കം മദ്യപാന രംഗങ്ങൾ നിയമപരമായ മുന്നറിയിപ്പില്ലാതെ കാണിക്കുന്നതു കുറ്റകരമാണെന്ന് എക്സൈസ് വിശദീകരിച്ചു..

യുവതിയെ അറസ്റ്റ് ചെയ്ത എക്‌സൈസ് നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

Back to top button
error: