കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴില്‍ പെര്‍മിറ്റും പരസ്‍പര ബന്ധിതമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ സംവിധാനം നടപ്പാക്കുന്നത്.
ഓരോ തസ്‍തികയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ ബന്ധപ്പെട്ട തസ്‍തികകളില്‍ ജോലി ചെയ്യുന്നത് തടയാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകള്‍.
അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന് കുവൈത്ത് അധികൃതര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണിതും. യോഗ്യതകളും അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിലെ ഒക്യുപേഷണല്‍ സേഫ്‍റ്റി സെന്ററിന്റെ നേതൃത്വത്തിലായിരിക്കും പരിശോധിക്കുക.