കണ്ണൂർ: റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാൽ ബിജെപിക്ക് വോട്ട് നൽകാമെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബിജെപി നേതാക്കകളുടെ സന്ദർശനത്തിനു ശേഷം.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബിഷ്പ്പ് ഹൗസിലെത്തി ബിജെപി നേതാക്കൾ പാംപ്ലാനിയെ കണ്ടത്. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് റബ്ബർ വില വർധിപ്പിച്ചാൽ ബിജെപിക്ക് വോട്ട് നൽകാമെന്ന പ്രസ്താവന പാംപ്ലാനി നടത്തിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസ്, ജനറൽ സെക്രട്ടറി, ജോസ് എ വൺ, ലുയിസ്, എന്നീ നേതാക്കളാണ് ബിഷപ്പ് ഹൗസിലെത്തി ചൊവ്വാഴ്ച പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയത്. ലവ് ജിഹാദ് പോലെയുള്ള സാമൂഹിക പ്രശ്നങ്ങളിൽ ബിജെപിയുടെ ഇടപെടൽ പ്രശംസനീയമാണെന്നും കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞിരുന്നു.
കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത ആലക്കോട് സംഘടിപ്പിച്ച കർഷകറാലിയിലാണ് കർഷകരെ ബി.ജെ.പി. സഹായിച്ചാൽ തിരിച്ചും സഹായിക്കുമെന്ന് പാംപ്ലാനി വ്യക്തമാക്കിയത്. ബിഷപ്പിന്റെ പ്രസ്താവനയോടുള്ള എതിർപ്പ് വ്യക്തമാക്കി സി.പി.എം., കോൺഗ്രസ് നേതാക്കൾ ഇന്നലെ രംഗത്തെത്തിയിരുന്നു.