IndiaNEWS

രാഹുൽ ഗാന്ധി വിവേകമില്ലാത്തവനായി മാറി, വിദേശ മണ്ണിൽ രാജ്യത്തെ അപമാനിച്ചു: ആരോപണവുമായി കോൺ​ഗ്രസ് മന്ത്രിയുടെ മകൻ രം​ഗത്ത്

ജ‌‌യ്പൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തെ വിദേശ മണ്ണിൽ അപമാനിച്ചെന്നാരോപിച്ച് രാജസ്ഥാനിലെ കോൺ​ഗ്രസ് മന്ത്രിയുടെ മകൻ രം​ഗത്ത്. രാജസ്ഥാൻ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗിന്റെ മകൻ അനിരുദ്ധാണ് രാഹുൽ ​ഗാന്ധിക്കെതിരെ രം​ഗത്തെത്തിയത്. സംസ്ഥാന സർക്കാറിനെയും വിമർശിച്ചു. കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിന്റെ അടുത്തയാളാണ് അനിരുദ്ധ്. രാഹുൽ ഗാന്ധി വിവേകമില്ലാത്തവനായി മാറി. മറ്റൊരു രാജ്യത്തിന്റെ പാർലമെന്റിൽ ആരെങ്കിലും സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തി സംസാരിക്കുമോ. അല്ലെങ്കിൽ അദ്ദേഹം ഇറ്റലിയെ തന്റെ മാതൃരാജ്യമായി കണക്കാക്കുകയാണെന്നും അനിരുദ്ധ് ട്വീറ്റ് ചെയ്തു. ലണ്ടനിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഇന്ത്യൻ ജനാധിപത്യം ആക്രമണത്തിനിരയാകുകയാണെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചത്.

യുഎസും യൂറോപ്പും ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങൾ ഇത് ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ടതിൽ ഖേദമുണ്ടെന്നും ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യയിലെ ഈ ചപ്പുചവറുകളെ കുറിച്ച് സംസാരിക്കാതിരിക്കാൻ അദ്ദേഹത്തിന് കഴിയുമോ? അതോ ജനിതകപരമായി അദ്ദേഹം യൂറോപ്യൻ മണ്ണിനെയാണോ ഇഷ്ടപ്പെടുന്നതെന്നും അനിരുദ്ധ് ട്വീറ്റ് ചെയ്തു. സ്വതന്ത്ര ശബ്ദം, സച്ചിൻ പൈലറ്റ് സ്കൂൾ ഓഫ് തോട്ട് എന്നാണ് അദ്ദേഹം ട്വിറ്റർ ബയോയിൽ എഴുതിയിരിക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാജസ്ഥാനിൽ നിന്നുള്ള സിആർപിഎഫ് ജവാന്മാരുടെ കുടുംബാം​ഗങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകണമെന്ന ആവശ്യവും അനിരുദ്ധ് അഭിപ്രായപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 28 മുതൽ ഇവർ സമരത്തിലാണ്. കോൺഗ്രസ് പാർട്ടി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മകന്റെ പരാമർശത്തോട് മന്ത്രി വിശ്വേന്ദ്ര സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ ബിബിസിയെ വിമർശിച്ച് കോൺ​​ഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണിയുടെ മകനും രം​ഗത്തെത്തിയിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: