KeralaNEWS

ആക്രമിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ഷുക്കൂർ വക്കീലിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം

കാസര്‍കോട്: അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി ഇന്നലെ ഇദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ കൊലവിളി മുഴക്കിയിരുന്നു.

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്. ലോക വനിതാ ദിനത്തില്‍ തങ്ങളുടെ പെണ്‍മക്കളെ സാക്ഷിയാക്കിയാണ് ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍ ഇരുവരും രജിസ്ട്രര്‍ വിവാഹം ചെയ്തത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരൊപ്പമെത്തിയായിരുന്നു ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായത്.

അഡ്വ.സജീവനും സിപിഎം നേതാവായ വി.വി. രമേശുമാണ് വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പുവെച്ചത്. പെണ്‍മക്കളുടെ അവകാശസംരക്ഷണത്തിനായി ആണ് മുസ്‌ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നതും ഇതിനായി വനിതാ ദിനം തെരഞ്ഞെടുക്കുന്നതും. മുസ്​ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും തന്റെ സ്വത്തുക്കളുടെ അവകാശം പൂർണമായും പെൺമക്കൾക്ക് ലഭിക്കുന്നതിനും വേണ്ടിയാണ് സ്പെഷ്യൽ മാര്യേജ് നിയമപ്രകാരം വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതെന്നും അഡ്വ. ഷുക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നതെന്ന് അഡ്വ ഷുക്കൂര്‍ പറയുന്നു. രണ്ട് തവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താന്‍ കാരണമായതെന്നും ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ചില സംഘടനകൾ ഷുക്കൂറിനെതിരെ രംഗത്തുവന്നിരുന്നു. ങ്ങളുടെ സ്വാര്‍ത്ഥക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിലൊന്നും വിശ്വാസികള്‍ വഞ്ചിതരാകില്ലെന്നും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുന്ന കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നുമായിരുന്നു അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച് പുറത്തിറക്കിയ പ്രസ്താവന. വിവാഹത്തിന് പിന്നാലെ വലിയ സൈബര്‍ ആക്രമണവും കൊലവിളിയും ഷുക്കൂര്‍ വക്കീലിന് നേരെ ഉണ്ടായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: