KeralaNEWS

പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തു, പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിത്തിട്ടുമില്ല: കെ സുധാകരന്‍

തിരുവനന്തപുരം: പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകൾ കേരളം കേട്ടുമടുത്തതാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. വീമ്പുകൾക്ക് ഉചിതമായ മറുപടി നല്കിയപ്പോൾ പിണറായി ഓടിയ വഴിയിൽ ഇതുവരെ പുല്ലുകിളിത്തിട്ടുമില്ല. ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കിൽ എന്തുകൊണ്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഇഡിക്കു വിട്ടുകൊടുക്കാത്തതെന്ന് സുധാകരൻ ചോദിച്ചു. ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി)യുടെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സിഎം രവീന്ദ്രനെ നിയമസഭയിൽ തന്റെ ചിറകിനു കീഴിൽ ഒളിപ്പിച്ചിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.

തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശിച്ചിരുന്നതെങ്കിലും രവീന്ദ്രൻ പോയത് നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. നിയമസഭാ സമ്മേളനത്തിന്റെ തിരക്കാണ് എന്നാണ് രവീന്ദ്രൻ ഇഡിയെ അറിയിച്ചത്. എന്നാൽ, നിയമസഭയിൽ രവീന്ദ്രന് ഒരു റോളുമില്ല എന്നതാണ് വസ്തുതയെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ സഹായിക്കാൻ സീനിയർ ഗവ സെക്രട്ടറിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വമ്പൻനിര തന്നെ നിയമസഭയിലുണ്ട്. അവർക്കിരിക്കാൻ നിയമസഭയിൽ പ്രത്യേക ഇരിപ്പിടവുമുണ്ട്. ഒരു വകുപ്പുമായി ബന്ധപ്പെട്ട ചർച്ചയോ ചോദ്യമോ ഉയർന്നാൽ ആ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെല്ലാം അവിടെ ഉണ്ടായിരിക്കും. കൂടാതെ നിയമസഭാ ജീവനക്കാരുമുണ്ട്. അതിനിയിൽ പേഴ്‌സണൽ സ്റ്റാഫിന് പ്രത്യേകിച്ച് ഒരു പങ്കുമില്ല.

Signature-ad

നിയമസഭയിലേക്ക് ഇഡി എത്തില്ലെന്ന ധാരണമൂലമാകാം രവീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നിയമസഭയെ കവചമാക്കിയതെന്ന് സുധാകരൻ പറഞ്ഞു. ഇഡി ചോദ്യം ചെയ്താൽ കുരുക്കുമുറുകുന്നതു തനിക്കാണെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് ഭീരുവായ മുഖ്യമന്ത്രി രവീന്ദ്രന്റെ സംരക്ഷണം ഏറ്റെടുത്തത്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഏറെനാൾ മുഖ്യമന്ത്രി സംരക്ഷിച്ചെങ്കിലും അന്വേഷണം ആഴങ്ങളിലേക്കു നീങ്ങിയപ്പോൾ കൈവിടേണ്ടി വന്നു. ഇതു തന്നെയാണ് രവീന്ദ്രന്റെ കാര്യത്തിലും സംഭവിക്കാൻ പോകുന്നതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് അവകാശപ്പെട്ടിരുന്ന രവീന്ദ്രന്റെ സ്വകാര്യ ചാറ്റുകൾ പുറത്തുവന്നപ്പോൾ അവർ തമ്മിലുള്ള അടുപ്പത്തിന്റെ ആഴവും പരപ്പും വ്യക്തമാണ്. പാതിരാത്രിക്കു നടത്തിയ ചാറ്റ് ഒരു മുഖ്യമന്ത്രിയുടെ വയോധികനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടേതാണോ എന്നുപോലും സംശയംതോന്നി. സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങിയവയുടെ കേന്ദ്രബിന്ദുവായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അസന്മാർഗികളുടെയും ഇരിപ്പിടമായി. നേരത്തെ മന്ത്രിമാരുടെ ഓഫീസുകൾ ഈ രീതിയിലേക്ക് കൂപ്പുകുത്തിയതിന്റെ ഞെട്ടലിൽനിന്നു കേരളം കരകയറുംമുമ്പാണ് അടുത്ത ആഘാതമേറ്റതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

Back to top button
error: