KeralaNEWS

ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ കേരളാ സംഘത്തിൽനിന്ന് മുങ്ങിയ കർഷകനെ കണ്ടെത്തി; ബിജു കുര്യൻ നാളെ കേരളത്തിലെത്തുമെന്ന് സഹോദരൻ അറിയിച്ചെന്ന് കൃഷി മന്ത്രി

തിരുവനന്തപുരം: ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ കേരളാ സംഘത്തിൽ നിന്നും മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി മന്ത്രി പ്രസാദ്. ഇയാൾ നാളെ കേരളത്തിലെത്തുമെന്ന് സഹോദരൻ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ സംഘത്തിനൊപ്പം നടത്തിയ ഇസ്രായേൽ സന്ദർശനത്തിനിടെയാണ് ഈ മാസം 17 ന് ബിജു മുങ്ങിയത്. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു.

സർ‍ക്കാ‍ർ സംഘത്തിൽ നിന്നും മുങ്ങിയതല്ലെന്നും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയതായിരുന്നുവെന്നുമാണ് തന്നോട് ബിജു പറഞ്ഞതെന്നാണ് സഹോദരൻ ബെന്നി ഇരട്ടി അറിയിച്ചത്. എയ‍ർപോർട്ടിലെ എമിഗ്രേഷൻ നടപടികൾ പൂ‍ർത്തിയാക്കിയ ശേഷം ബിജു തന്നെ വിളിച്ചതായും നാളെ കോഴിക്കോട്ട് എത്തുമെന്നും ബെന്നി അറിയിച്ചു. കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോകിൻറെ നേതൃത്വത്തിൽ കേരളാ സർക്കാരിന്റെ 27 പേരടങ്ങുന്ന കർഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. സന്ദർശന വേളയിൽ കണ്ണൂർ സ്വദേശിയായ ബിജു കുര്യൻ എന്ന കർഷകൻ സംഘത്തിൽ നിന്നും കാണാതായി.

Signature-ad

പിന്നീടാണ് ഇയാൾ മുങ്ങിയതാണെന്ന്തിരിച്ചറിഞ്ഞത്. തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചു. ഇതേ തുടർന്ന് ബിജു കുര്യനില്ലാതെ കർഷക സംഘം ഫെബ്രുവരി 20 ന് മടങ്ങിയെത്തി. ബിജുവിൻറെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടു. ഇതോടെയാണ് ഇയാൾ തിരികെപോരാൻ തീരുമാനിച്ചതെന്നാണ് സൂചന.

Back to top button
error: