കേപ്ടൗണ്‍: ഓസീസ് കടമ്പ കടന്നാൽ ഇന്ത്യൻ വനിതകൾ ഇന്ന് ഫൈനലിൽ. വനിതകളുടെ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടും. കേപ്ടൗണ്‍ ന്യൂലാന്‍ഡ് പാര്‍ക്ക് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് മത്സരം. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് സെമിയില്‍ ഒരുങ്ങുന്നത്.
റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണ് ഓസ്‌ട്രേലിയ. അഞ്ചു തവണ ട്വന്റി 20 ലോകകപ്പ് ജേതാക്കളായിട്ടുണ്ട്. 2021 മാര്‍ച്ചിനു ശേഷം രണ്ടു മത്സരങ്ങള്‍ മാത്രമാണ് ഓസീസ് തോറ്റത്. ട്വന്റി 20യില്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ജയവും ഓസീസിനാണ്. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പിലെ നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ത്രില്ലിങ്ങ് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ മറികടന്നാണ് ദക്ഷിണാഫ്രിക്ക അവസാന നാലില്‍ ഇടംപിടിച്ചത്.