കാബൂള്‍: മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാനുള്ള ഗൂഢ മാർഗമെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍. താലിബാന്‍ വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭനിരോധന മരുന്നുകളും ഉറകള്‍ ഉള്‍പ്പെടെയുള്ളവയും നീക്കം ചെയ്യണമെന്നും മെഡിക്കൽ സ്റ്റോറുകളോടും ഫാർമസികളോടും താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തോക്കും ആയുധങ്ങളുമായെത്തിയ താലിബാന്‍ നേതാക്കള്‍ ഗര്‍ഭനിരോധന മരുന്നുകള്‍ വില്‍ക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായി ഫാര്‍മസി ജീവനക്കാരനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘തോക്കുമായി താലിബാന്‍ സംഘം എന്റെ കടയിലും എത്തിയിരുന്നു. ഗര്‍ഭനിരോധന മരുന്നുകള്‍ വില്‍ക്കരുതെന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തി. അവര്‍ ഫാര്‍മസികള്‍ തോറും കയറിയിറങ്ങി ആളുകളെ ഭീഷണിപ്പെടുത്തുകയാണ്,’ അദ്ദേഹം പറഞ്ഞു.
കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് താലിബാന്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കരുതെന്നും താലിബാന്‍ താക്കീത് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജനന നിയന്ത്രണ ഗുളികകള്‍, ഡെപ്പോ-പ്രൊവേര കുത്തിവയ്പ്പുകള്‍ തുടങ്ങിയവ ഈ മാസം മുതല്‍ ഫാര്‍മസിയില്‍ സൂക്ഷിക്കരുതെന്നാണ് താലിബാന്‍ നിര്‍ദേശം.