കുട്ടികളുള്ള മിക്ക വീടുകളിലും അവർക്ക് കളിക്കാനോ സമയം കളയാനോ എല്ലാം മുതിർന്നവർ മൊബൈൽ ഫോണുകൾ നൽകാറുണ്ട്. തീരെ ചെറിയ കുട്ടികൾക്കല്ല, അത്യാവശ്യം വീഡിയോ ഇരുന്ന് കാണാനോ ഗെയിം കളിക്കാനോ ഫോൺ വന്നാൽ എടുക്കാനോ എല്ലാം അറിയാവുന്ന അത്രയും പ്രായമായ കുട്ടികൾക്കാണ് മുതിർന്നവർ ഫോൺ സ്വതന്ത്രമായി നൽകാറുള്ളൂ.
എന്നാൽ ഇങ്ങനെ കുട്ടികൾക്ക് ഫോൺ സ്വതന്ത്രമായി നൽകി പോകുമ്പോൾ അത് പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാക്കാം. സമാനമായൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.കിടക്കുന്നതിന് മുമ്പ് അൽപസമയം കുട്ടിക്ക് മൊബൈൽ ഫോൺ ഗെയിം കളിക്കാനായി നൽകുന്നത് പതിവാക്കിയ ഒരച്ഛൻ. എന്നാൽ പതിവിന് വിരുദ്ധമായി കുട്ടി ചെയ്ത ഒരബദ്ധമാണ് സംഭവം. യുഎസിലെ മിഷിഗണിൽ ചസ്റ്റർഫീൽഡ് ടൗൺഷിപ്പിൽ കുടുംബത്തിനൊപ്പം താമസിക്കുകയാണ് കെയ്ത്ത് സ്റ്റോൺഹൗസ്. ഭാര്യ വീട്ടിലില്ലാതിരുന്ന സമയമാണത്. പതിവ് പോലെ ഇദ്ദേഹം കിടക്കുന്നതിന് മുമ്പായി കുട്ടിക്ക് ഗെയിം കളിക്കുന്നതിനായി ഫോൺ അൽപസമയത്തേക്ക് നൽകി.
കുട്ടി ഗെയിമിലായിരിക്കുമെന്നേ ഇദ്ദേഹം ചിന്തിച്ചുള്ളൂ. എന്നാൽ കുട്ടി പതിവിന് വിരുദ്ധമായി ഒരു ഓൺലൈൻ ആപ്പ് തുറന്ന് ഇതിലൂടെ വിവിധ റെസ്റ്റോറൻറുകളിൽ നിന്നും കടകളിൽ നിന്നുമായി ലോഡ് കണക്കിന് ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു. എല്ലാ ഓർഡറിലും 25 ശതമാനം ടിപ്പും നൽകി. അൽപസമയം കഴിഞ്ഞപ്പോൾ ആദ്യം ഒരു കാറെത്തി. കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ ഒരു റെസ്റ്റോറൻറിൽ നിന്നുള്ള ഭക്ഷണമായിരുന്നു. ഇത് ഭാര്യ ചെയ്തതാകാമെന്ന് ഇദ്ദേഹം ചിന്തിച്ചു. എന്നാൽ ഇതിന് പിന്നാലെ കാറുകളുടെ നീണ്ട നിരയായിരുന്നുവെന്നും ഭക്ഷണങ്ങൾ കൊണ്ട് വീട് നിറയുന്ന അവസ്ഥയായെന്നും ഇദ്ദേഹം പറയുന്നു.
വില കൂടിയ ഊഭീമൻ ചെമ്മീനുകൾ, ലാഡുകൾ, ചീസ് ഫ്രൈസ്, ഐസ്ക്രീമുകൾ, റൈസ് എന്നുവേണ്ട ഇനിയില്ലാത്തത് ഒന്നുമില്ലെന്ന അവസ്ഥയായി. ആകെ അക്കൗണ്ടിൽ നിന്ന് ഇദ്ദേഹത്തിന് നഷ്ടമായത് 82,000 രൂപ. ഒടുവിൽ തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് ഇദ്ദേഹം പരസ്യമായി പങ്കുവച്ചതോടെ കുട്ടി ഭക്ഷണം ഓർഡർ ചെയ്ത ആപ്പ് ഇദ്ദേഹത്തിന് നഷ്ടമായ അതേ തുകയുടെ ഒരു ഗിഫ്റ്റ് കാർഡ് സമ്മാനിച്ചു. ഇതോടെ ഒരു തരത്തിൽ ഇദ്ദേഹത്തിൻറെ നഷ്ടം നികന്നു എന്നും പറയാം. എങ്കിലും കുട്ടികളുടെ കൈവശം സ്വതന്ത്രമായി ഫോൺ നൽകി പോകുന്നതിലെ വിഡ്ഡിത്തമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്. ഇതിന് മുമ്പും പലയിടങ്ങളിൽ നിന്നും സമാനമായ രീതിയിൽ കുട്ടികൾ മുതിർന്നവരുടെ കണ്ണ് വെട്ടിച്ച് ആയിരക്കണക്കിന് രൂപയ്ക്ക് ഓൺലൈൻ ഓർഡറുകൾ ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.