ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ വിമാനം തകർന്നുവീണു. ചാർട്ടർ ചെയ്ത ജെറ്റ് ആണ് തകർന്നതെന്ന് ഭരത്പുർ ജില്ലാ കലക്ടർ അലോക് രഞ്ജൻ അറിയിച്ചു. സാങ്കേതിക തകരാറാണ് കാരണം. അതേസമയം, വിമാനമാണോ ഹെലിക്കോപ്റ്ററാണ് തകർന്നതെന്ന് ഇപ്പോൾ പറയാനാകുന്നില്ലെന്ന് ഭരത്പുർ എസ്പി ശ്യാം സിങ് അറിയിച്ചു.
ഭരത്പുരിലെ സാവെർ പൊലീസ് സ്റ്റേഷനിൽ നഗ്ല വീസ എന്ന സ്ഥലത്താണ് ശനിയാഴ്ച രാവിലെ വിമാനം തകർന്നുവീണത്. നിലത്തുവീണതിനുപിന്നാലെ വിമാനത്തിന് തീപിടിച്ച് സ്ഫോടനം ഉണ്ടായി. ഗ്രാമത്തിനടുത്ത് വെറുതേകിടന്ന സ്ഥലത്താണ് വിമാനം തകർന്നുവീണത്. പൈലറ്റ് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. അതേസമയം, വ്യോമസേനയുടെ വിമാനമാണ് തകർന്നതെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു.