തിരുവനന്തപുരം: സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കിറങ്ങി, പിഴയായി 500 രൂപയെങ്കിലും അടയ്ക്കണമെന്ന് ഹോട്ടൽ ഉടമയോട് അപേക്ഷിച്ചതോടെ സംശയം, ഒടുവിൽ പിടിയിൽ. സസ്പെൻഷനിലായ ആരോഗ്യവകുപ്പ് ജീവനക്കാരനാണ് മദ്യപിക്കാൻ പണം കണ്ടെത്താനായി സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കിറങ്ങിയത്. വ്യാജ റെയ്ഡിന് എത്തിയ കാഞ്ഞിരംകുളം പാമ്പുകാല ഊറ്റുകുഴി സ്വദേശി ചന്ദ്രദാസ് (42), ഇയാളുടെ സുഹൃത്ത് പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജയൻ (47) എന്നിവരെയാണ് കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്.
ആരോഗ്യവകുപ്പ് ജീവനക്കാരെന്ന് പരിചയപ്പെടുത്തി എത്തിയവര്‍ 500 രൂപയെങ്കിലും തരണമെന്ന് അപേക്ഷിച്ചതോടെ ഹോട്ടലുടമയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരുടെ സഹായത്തോടെ ചന്ദ്രദാസിനെ തടഞ്ഞ് വച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചന്ദ്രദാസിനെ തടഞ്ഞ് വെക്കുന്നതിനിടെ സുഹൃത്ത് ജയന്‍ അവിടെ നിന്നും രക്ഷപ്പെട്ടു. ഇയാളെ പൊലീസ് പിന്നീട് പിടികൂടി. കാഞ്ഞിരംകുളം സിഐ അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ജോലിക്ക് കൃത്യമായി ഹാജരാകാതെ മുങ്ങി നടന്നതിന്‍റെ പേരിൽ സസ്പെൻഷനിലായ, ഡിഎംഒ ഓഫീസിലെ ക്ലാസ് ഫോർ ജീവനക്കാരനാണ് ചന്ദ്രദാസ് എന്ന് കണ്ടെത്തി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.