IndiaNEWS

തന്നെ ഒരാൾ പുണർന്നതിനെ സുരക്ഷ വീഴ്ചയായി കരുതേണ്ടെന്ന് രാഹുൽ ഗാന്ധി

ദില്ലി: തന്നെ ഒരാൾ പുണർന്നതിനെ സുരക്ഷ വീഴ്ചയായി കരുതേണ്ടെന്ന് രാഹുൽ ഗാന്ധി. അദ്ദേഹത്തിന് ആവേശം കൂടിപ്പോയതാണ്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരാൾ രാഹുൽ ഗാന്ധിയെ ഓടി വന്ന് കെട്ടിപ്പിടിച്ചിരുന്നു. ഇതോടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാ​ഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്.

നിലവിൽ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുമെന്ന് കരുതുന്നു. ബുധനാഴ്ച ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വ്യാഴാഴ്ച കശ്മീരിലെ കാഠ്‌വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ ദേശീയപതാക ഉയർത്തും. 27ന് അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറിൽ സമാപിക്കും.

Back to top button
error: