CrimeNEWS

മദ്യം വഴിയില്‍ കിടന്ന് കിട്ടിയതല്ല, സുഹൃത്ത് വിഷം ചേര്‍ത്ത് കൊടുത്തത്; പ്രതി അറസ്റ്റില്‍

അടിമാലി:  വഴിയില്‍ കിടന്നു കിട്ടിയതെന്നു പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കഴിച്ച് യുവാവ് മരിച്ചെന്ന സംഭവത്തില്‍ ട്വിസ്റ്റ്. മദ്യം വഴിയില്‍ കിടന്നു കിട്ടിയതല്ലെന്നും സുഹൃത്ത് വിഷം ചേര്‍ത്തു നല്‍കിയതാണെന്നും പൊലീസ് കണ്ടെത്തി. മദ്യത്തില്‍ വിഷം കലര്‍ത്തിയ സുഹൃത്ത് സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോന്‍ (40) കഴിഞ്ഞദിവസമാണ് കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മദ്യം കഴിച്ച മനോജ്, അനു എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.

കീരിത്തോട് സ്വദേശി മനോജുമായി പ്രതി  സുധീഷിന് കഞ്ചാവ് വിൽപ്പന സംബന്ധിച്ച് സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. അതുമൂലം ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് മനോജിനെ കൊലപ്പെടുത്താൻ സുധീഷ് തീരുമാനിക്കാൻ കാരണമെന്ന് ഇടുക്കി പൊലീസ് മേധാവി വി.യു കുര്യാക്കോസ് പറഞ്ഞു.

മനോജിന് മാത്രം വിഷം കലർത്തിയ മദ്യം നൽകി കൊലപ്പെടുത്താൻ ആണ് സുധീഷ് പദ്ധതി ഇട്ടത്. അടിമാലിയിൽ നിന്നും വാങ്ങിയ മദ്യത്തിൽ വീട്ടിൽ കരുതിയിരുന്ന ഏലത്തിന് അടിക്കുന്ന വിഷകീടനാശിനി കലർത്തി സുധീഷ് നൽകുകയായിരുന്നു. അടപ്പില്‍ ഓട്ടയിട്ട് കീടനാശിനി സിറിന്‍ജ് ഉപയോഗിച്ച് അതിനകത്ത് കലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചു. വഴിയില്‍ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു. എന്നാൽ സുധീഷ് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മനോജ് കൂടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളെയും വിളിച്ചു വരുത്തി.

 കൂടെയെത്തിയ കുഞ്ഞുമോനും അനുവും മദ്യം കഴിച്ചതോടെയാണ് പദ്ധതി പാളിയത്. ഛര്‍ദിയും ക്ഷീണവും വന്നതോടെ മൂവരെയും ആശുപത്രിയിൽ എത്തിക്കാനും സുധീഷ് നേതൃത്വം നൽകി. മാത്രമല്ല  മദ്യക്കുപ്പി നശിപ്പിച്ചുച്ചുകളയാനും സുധീഷ് ശ്രമിച്ചു.

മരിച്ച കുഞ്ഞുമോന്റെ സഹോദരി പുത്രനാണ് സുധീഷ്. കുഞ്ഞുമോൻ മദ്യം കഴിച്ച ഉടനെ സുധീഷ് കുഞ്ഞുമോന് ഉപ്പ് കലക്കിയ വെള്ളം ഉൾപ്പെടെ നൽകിയിരുന്നു.

Back to top button
error: