CrimeNEWS

ഇരുപതോളം യുപി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

തളിപ്പറമ്പ്: ഇരുപതോളം യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറിയൻ മാക്കൻ ഫൈസലാണ് അറസ്റ്റിലായത്. സ്കൂളിലെ പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഫൈസലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ചെറിയൻമാക്കൻ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. പതിവ് സ്കൂൾ കൗൺസിലിംഗിനിടെയാണ് ഇരുപതോളം വിദ്യാർത്ഥികൾ ഫൈസൽ മോശമായി പെരുമാറിയതായി കൗൺസിലറോട് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു.

ചൈൽഡ്‌ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ്. അഞ്ച് വിദ്യാർത്ഥികളാണ് പൊലീസിന് രേഖാ മൂലം പരാതി നൽകാൻ തയ്യാറായത്. 2021 നവംബറിൽ ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞത് മുതൽ ലൈംഗികോദ്ദേശത്തോടെ ക്ലാസ് മുറിയിൽ വച്ച് പല ദിവസങ്ങളിലായി വിദ്യാർത്ഥിനികളെ ഉപദ്രവിച്ചതായാണ് പരാതി. വരും ദിവസങ്ങളിൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ ഉണ്ടാകുമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. നാല് വർഷമായി ഫൈസൽ ഇതേ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത് വരികയാണ്. നേരത്തെ വളപട്ടണത്തെ ഒരു സ്കൂളിലും ഇയാൾ ജോലി ചെയ്തിരുന്നു.

Back to top button
error: