തൃശൂർ: തൃശൂരിൽ നിക്ഷേപ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ 80 പേർ പരാതി നൽകി. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. പത്ത് ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം തുടങ്ങി വൻ തുകയാണ് ഓരോരുത്തരും ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. 15 ശതമാനം പലിശ തരാമെന്നാണ് ബാങ്ക് പറഞ്ഞതെന്ന് റിസീപ്റ്റിലടക്കം വ്യക്തമാണെന്നും നിക്ഷേപകർ പറയുന്നു. ആറ് മാസത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് പലരും. അഞ്ച് ദിവസം മുമ്പ് ക്രൈം ബ്രാഞ്ചിൽ പോയപ്പോൾ അവരിത് അറിഞ്ഞിട്ടേയില്ല എന്നാണ് പറഞ്ഞതെന്നും ഒരു നിക്ഷേപകൻ പറഞ്ഞു.
ധനകാര്യ സ്ഥാപനമായ ധനവ്യവസായയിൽ പണം നിക്ഷേപിച്ച മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് പലർക്കും കിട്ടാനുള്ളത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂട്ടപ്പരാതിയാണ് എത്തിയിരിക്കുന്നത്. 100 ലേറെ പേർ പരാതിയുമായെത്തി. തൃശൂർ വടൂക്കര സ്വദേശിയായ പി ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ജോയിയും കുടുംബവും മുങ്ങി. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയുടെ വസതിക്കു മുമ്പിലും നിക്ഷേപകരുടെ നിരയുണ്ട്.
ജോണിയെന്ന നിക്ഷേപകന് മാത്രം കിട്ടാനുള്ളത് 51.5 ലക്ഷം രൂപയാണ്. തൃശൂര്‍ പിഒ റോഡിലെ ഓഫീസിന് മുന്നിൽ ഡ്രൈവര്‍മാര്‍, ചുമട്ടു തൊഴിലാളികള്‍, കടകളില്‍ ജോലിക്കു നില്‍ക്കുന്നവർ എന്നിങ്ങനെ നിക്ഷേപകരുടെ വലിയ കൂട്ടമുണ്ട്. ഒട്ടേറെപ്പേര്‍ പണം തിരിച്ചു കിട്ടന്‍ വഴിയുണ്ടോയെന്ന് അന്വേഷിച്ചെത്തി. ഒരുലക്ഷം രൂപമുതല്‍ അന്പത് ലക്ഷം രൂപവരെ നഷ്ടമായവരണ് ഇവരില്‍ പലരും. പരാതിയിൽ തൃശൂർ സിറ്റി പൊലീസ് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നൂറിലേറെപ്പേര്‍ പരാതിയുമായി എത്തിയതിന് പിന്നാലെ കേസ് ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറി. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ ക്രൈംബ്രാഞ്ചും അറിയിച്ചു.