CrimeNEWS

പോലീസിനെ വെട്ടിച്ച് കടന്ന പ്രവീൺ റാണ സ്വാമിയുടെ വേഷത്തിൽ പൊള്ളാച്ചിയിൽ  ഒളിവിൽ, ഒടുവിൽ കുടുങ്ങി

    ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷപത്തട്ടിപ്പിലെ മുഖ്യ പ്രതി പ്രവീൺ റാണയെ പൊള്ളാച്ചിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു  ക്വാറിയിൽ സ്വാമിയുടെ വേഷത്തിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവത്രേ.  ദിവസങ്ങള്‍ക്കുമുമ്പ് തൃശ്ശൂരില്‍നിന്നുള്ള പോലീസ് സംഘം, എറണാകുളത്ത് ഇയാള്‍ താമസിച്ചിരുന്ന ചിലവന്നൂരിലെ ഫ്‌ളാറ്റിലെത്തിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങളിലായി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവീണ്‍ റാണയെ തേടി കൊച്ചിയിൽ തമ്പടിച്ചിരുന്നു. കൊച്ചി സിറ്റി പോലീസിനെ അറിയിക്കാതെയായിരുന്നു അവരുടെ നീക്കം. പോലീസ് സംഘം പ്രവീണിന്റെ ഫ്‌ളാറ്റിലേക്ക് ലിഫ്റ്റില്‍ കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ ഇയാള്‍ പുറത്തു കടക്കുകയായിരുന്നു. റെയ്ഡ് വിവരം ചോർന്നതാണ്  പ്രവീൺ രക്ഷപെടാൻ കാരണമായത്. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ 2 വാഹനങ്ങൾ അടക്കം 4 ആഡംബര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രക്ഷപ്പെട്ട റാണ കാറില്‍ ചാലക്കുടി ഭാഗത്തേക്കാണ്  പോയത്. ഫ്‌ളാറ്റില്‍നിന്ന് ഇയാള്‍ പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, ചാലക്കുടിയില്‍ ഈ വാഹനം പോലീസ് തടഞ്ഞപ്പോള്‍ പ്രവീണ്‍ ഇല്ലായിരുന്നു. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ഇയാള്‍ ഇറങ്ങിയതായാണ് സംശയം. കൊച്ചിയിലെ ഫ്ലാറ്റിൽനിന്നു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രവീൺ കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും അത് വിഫലമായി. ഇതിനിടെയാണ് റാണ തമിഴ്നാട്ടിൽ പിടിയിലായത്

പ്രവീണ്‍ ‘സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍.

പ്രവീൺ റാണയ്ക്ക് പൊള്ളച്ചിയിൽ ഒളിയിടം ഒരുക്കിയത് പെരുമ്പാവൂർ സ്വദേശിയാണെന്നാണ് സൂചന. അതിഥി തൊഴിലാളിയുടെ ഫോണിൽനിന്നും റാണ വീട്ടുകാരെ വിളിച്ചതാണ് ഒളിയിടം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ഇവിടെയെത്തിയ പൊലീസ് സംഘം ബലം പ്രയോഗിച്ചാണ് റാണയെ കസ്റ്റഡിയിലെടുത്തത്.

റാണയുടെ സ്ഥാപനത്തിലെ പ്രധാനിയായ സതീഷിനെ പാലാഴിയിലെ വീട്ടിൽനിന്ന് ഇന്നലെ പൊലീസ്  അറസ്റ്റ് ചെയ്തിരുന്നു. റാണ നടത്തിയ നിക്ഷേപത്തിന്റെ രേഖകൾ ഇയാൾ താമസിച്ചിരുന്ന വീട്ടിൽനിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

പ്രവീൺ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നാണു സൂചന. അവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. പണം നിക്ഷേപിച്ച മുഴുവൻ ആളുകളും പരാതി നൽകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം.

പുണെയിൽ 4 ഡാൻസ് ബാറുകളിലും മുംബൈയിലും ബെംഗളൂരുവിലും ഓരോ ഡാൻസ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ട്. ‘സേഫ് ആൻഡ് സ്ട്രോങ് നിധി’യെന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശൂർ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്. തൃശൂർ, കൊച്ചി സിറ്റി പൊലീസ് സേനകളിലെ പലരുമായും പ്രവീൺ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു.

Back to top button
error: