KeralaNEWS

കണ്ണൂര്‍ അര്‍ബന്‍നിധി തട്ടിപ്പുകേസില്‍ അസി.ജനറല്‍ മാനേജരായ യുവതി കോടതിയില്‍ കീഴടങ്ങി

    കണ്ണൂരിലെ അര്‍ബന്‍ നിധി തട്ടിപ്പുകേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതി സി.വി ജീനയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് റിമാന്‍ഡ് ചെയ്തത്. ജീന ഇന്ന് (തിങ്കൾ) ഉച്ചയ്ക്കാണ് കണ്ണൂര്‍ ജെ എഫ് സി എം കോടതിയില്‍ കീഴടങ്ങിയത്. അര്‍ബന്‍ നിധിയുമായി ബന്ധപ്പെട്ട 19 കേസുകളില്‍ നാല്, അഞ്ച്, ആറ് സ്ഥാനത്തുളള പ്രതിയാണ് അസി. ജനറല്‍ മാനേജരായ ജീന.

ഇവര്‍ക്കെതിരെ 420, 409 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജീന മുഖേനയാണ് അര്‍ബന്‍ ബാങ്കില്‍ ഭൂരിഭാഗം നിക്ഷേപങ്ങളുമെത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ താന്‍ അവിടെ സ്റ്റാഫ് മാത്രമായിരുന്നുവെന്നും തട്ടിപ്പിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ജീന കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Signature-ad

അര്‍ബന്‍ നിധിയിലെ പണം കാണാതായി എന്നറിയാം. പക്ഷേ എങ്ങനെ പണം കാണാതായി എന്നറിയില്ല. താന്‍ അവിടെ സ്റ്റാഫായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും ജീന പറഞ്ഞു.

ഇതിനിടെ അര്‍ബന്‍ നിധി തട്ടിപ്പുകേസില്‍ റിമാന്‍ഡിയില്‍ കഴിയുന്ന രണ്ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി. തൃശൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ എം ഗഫൂര്‍(46) മലപ്പുറം പൊലീസ് സ്റ്റേഷന്‍പരിധിയിലെ ഷൗക്കത്തലി(43) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

കഴിഞ്ഞ ദിവസം മാത്രം അര്‍ബന്‍ നിധിക്കെതിരെ കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറു പരാതികള്‍ ലഭിച്ചു.  ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിക്ഷേപകരാണ് പരാതിയുമായെത്തിയത്. ഇതിനിടെ ഒരു തൃശൂര്‍ സ്വദേശിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അര്‍ബന്‍ നിധിയില്‍ നിക്ഷേപിച്ചതിലൂടെ ചക്കരക്കല്ലില്‍ ഗിരിജാ സന്തോഷിന്റെ പതിനൊന്നുലക്ഷവും, മോഹനന്റെ പന്ത്രണ്ട് ലക്ഷവും, കണ്ണൂര്‍ ടൗണില്‍ പ്രേമരാജന്റെ 15ലക്ഷവും, ആദികടലായി സ്വദേശി അജിത് കുമാറിന്റെ ഒന്‍പതു ലക്ഷവും, ചാലാട് സ്വദേശി അജിത് പവിത്രന്റെ ഒന്‍പതു ലക്ഷവും, കണ്ണപുരത്ത് കല്യാശേരി സ്വദേശി മനോഹരന്റെ മൂന്നേ മുക്കാല്‍ ലക്ഷവും, താളിക്കാവ് സ്വദേശി സതിയുടെ എട്ടുലക്ഷവും, തൃശൂര്‍ സ്വദേശി രാധാമണിയുടെ എട്ടുലക്ഷവും നഷ്ടപ്പെട്ടു എന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.

Back to top button
error: