CrimeKeralaNEWS

വിമാനത്താവളത്തിലെ ശൗചാലയം കേന്ദ്രീകരിച്ചു സ്വർണക്കടത്ത്: നെടുമ്പാശേരിയിൽ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാര്‍ പിടിയില്‍, ആറു തവണയായി കടത്തിയത് നാല് കോടിയുടെ സ്വർണം

കൊച്ചി: ആറു തവണയായി നാല് കോടിയുടെ സ്വർണം കടത്തി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗത്തിലെ രണ്ടു ജീവനക്കാര്‍ പിടിയില്‍. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ ജീവനക്കാരായ കോതമംഗലം സ്വദേശി വിഷ്ണു, തിരുവനന്തപുരം സ്വദേശി അഭീഷ് എന്നിവരാണ് കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ചോദ്യം ചെയ്തപ്പോള്‍ മുമ്പ് ഇവര്‍ ആറുവട്ടം സ്വര്‍ണം കടത്തിയതായി കണ്ടെത്തി. നാലുകോടി രൂപയുടെ സ്വര്‍ണം ഇവര്‍ മുഖേന കടത്തിയിട്ടുണ്ട്.

വിമാനത്താവളത്തിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു സ്വര്‍ണം കൈമാറിയത്. മുന്‍പും ഈ രീതിയിലാണ് സ്വർണം കടത്തിയതെന്നാണ് വിവരം. സ്വര്‍ണവുമായി എത്തുന്ന യാത്രക്കാരന്‍ കസ്റ്റംസ് പരിശോധനയ്ക്കു മുമ്പ് അറൈവല്‍ ഹാളില്‍ ബാഗേജ് ബെല്‍റ്റിനു സമീപത്തുള്ള ശൗചാലയത്തില്‍ എത്തും. അവിടെ വിഷ്ണു, അഭീഷ് എന്നിവരിലാരെങ്കിലുമെത്തി സ്വര്‍ണം ഏറ്റുവാങ്ങും. തുടര്‍ന്ന് കൈവശമുള്ള ബാഗിലാക്കി സ്വര്‍ണം ടെര്‍മിനലിനു പുറത്തെത്തിച്ച് നല്‍കുന്നതാണ് രീതി.

Signature-ad

ഈ ഓപ്പറേഷനാണ് ബുധനാഴ്ച ഡിആര്‍ഐ കൈയോടെ പിടികൂടിയത്. ഇക്കുറിയും സ്വര്‍ണം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ ഒരാള്‍ എത്തിയിരുന്നു. കൊടുവള്ളി സ്വദേശിയായ ഇയാളെ പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. വിഷ്ണു, അഭീഷ് എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ മാത്രമാണ് ഇവരെ ഉപയോഗിക്കുന്ന സംഘം സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നത്. ഇതിന് നല്ല പ്രതിഫലം നല്‍കിയിരുന്നതായാണ് വിവരം.

Back to top button
error: