IndiaNEWS

മക്കളോട് വിവേചനം വേണ്ട; മുന്‍ സൈനികരുടെ കുടുംബത്തിനുള്ള പദ്ധതികളില്‍ നിന്നും വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് വിവേചനമെന്നു കോടതി

ബംഗളുരു: മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ നിന്നും വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് വിവേചനവും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനവുമാണെന്ന് കര്‍ണാടക ഹൈക്കോടതി. പ്രിയങ്ക പാട്ടീല്‍ എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 25 വയസ് വരെ ആണ്‍മക്കള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ജോലി ചെയ്യാനാകാത്തവര്‍ക്കുമൊക്കെ മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുമ്പോള്‍ 25 വയസിനു മുന്‍പ് വിവാഹിതരാകുന്ന പെണ്‍മക്കള്‍ക്ക് ആ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവില്‍ പറഞ്ഞു.

25 വയസിന് താഴെയുള്ള, അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഐഡി കാര്‍ഡ് ലഭിക്കണമെങ്കില്‍ 25 വയസു വരെ ഇവര്‍ അവിവാഹിതരായി തുടരണം. എന്നാല്‍ ആണ്‍മക്കളുടെ കാര്യം അങ്ങനെയല്ല. അവര്‍ വിവാഹം കഴിച്ചാലും കഴിച്ചില്ലെങ്കിലും ഈ ഐഡി കാര്‍ഡ് ലഭിക്കും, വിവാഹം കഴിക്കുന്നതോടെ പെണ്‍കുട്ടികള്‍ പെട്ടെന്ന് ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാതായിത്തീരുന്നു”, -ജസ്റ്റിസ് നാഗപ്രസന്ന കൂട്ടിച്ചേര്‍ത്തു.

Signature-ad

മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മറ്റെല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെങ്കില്‍ ഹര്‍ജിക്കാരിക്ക് ഐഡി കാര്‍ഡ് നല്‍കണമെന്നും കോടതി നിർദേശിച്ചു. നിലവിലുള്ള മാര്‍ഗനിര്‍ദേശത്തിലെ ‘വിവാഹം വരെ’ പോലുള്ള വാക്കുകള്‍ എടുത്തുകളയാന്‍ സമയം ആയെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ലിംഗ സമത്വത്തിന് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്കും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി മുന്‍പ് വിധിച്ചിരുന്നു.

Back to top button
error: