വറ്റിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിൻ്റെ ആരോഗ്യ ദിന അപകടകരമായ നിലയിലായിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്.
ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ് ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ,വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
എഴുപത്തെട്ടാം വയസിൽ മാർപ്പാപ്പയായ ബെനെഡ്കിട് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. കാലഘട്ടത്തിൻറെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയിൽ ആദ്യ വർഷങ്ങളിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്.