ചേരി നിവാസികള്‍ രാജ്യത്ത് കുറവുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിൽ ചേരികളിൽ താമസിക്കുന്നത് 6.54 കോടി മനുഷ്യർ. 1,08,227 ചേരികളിൽ 1.39 കോടി കുടുംബങ്ങളിലായാണ് ഇവർ കഴിയുന്നത്. കേരളത്തിൽ നിന്നുള്ള എം.പി എ.എ റഹീമിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ സഹമന്ത്രി കൗശൽ കിഷോർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്ക് വ്യക്തമാക്കിയത്.
ചേരികളിൽ കഴിയുന്ന മനുഷ്യരുടെ എണ്ണം ഏറ്റവും കൂടുതൽ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഏറ്റവും കുറവ് കേരളത്തിലുമാണ്. കേരളത്തിൽ 45,417 കുടുംബങ്ങളാണ് ചേരികളിൽ താമസിക്കുന്നത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര- 24,99,948, മധ്യപ്രദേശ്- 11,17,764, ഉത്തർപ്രദേശ്- 10,66,363, കർണാടക- 7,07,662 എന്നിങ്ങനെയാണ് ചേരിയിൽ കഴിയുന്ന കുടുംബങ്ങളുടെ കണക്ക്.
ബി.ജെ.പി മാതൃകയായി ഉയർത്തിക്കാണിക്കുന്ന ഗുജറാത്തിൽ ചേരികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 3,45,998 ആണ്. സൂറത്ത് നഗരത്തിൽ മാത്രം 4,67,434 പേർ ഇപ്പോഴും ചേരികളിലാണ്.