IndiaNEWS

സ്ത്രീ സുരക്ഷയ്ക്ക് സൈക്കിളില്‍ ഇന്‍ഡ്യ ചുറ്റാനിറങ്ങിയ 24 കാരി ആശ മാല്‍വിയ, 20,000 കിലോമീറ്റര്‍ താണ്ടുകയാണ് ലക്ഷ്യം; കണ്ണൂരിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ദേശിയ കായിക താരം

കണ്ണൂര്‍: സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈകിളില്‍ തനിയെ ഇന്‍ഡ്യ മുഴുവന്‍ സഞ്ചരിക്കുകയാണ് മധ്യപ്രദേശുകാരി ആശ മാല്‍വിയ. ദേശീയ കായിക താരവും പര്‍വതാരോഹകയുമായ ആശ സൈകിളില്‍ 20,000 കിലോമീറ്റര്‍ ആണ് ലക്ഷ്യമിടുന്നത്.

കണ്ണൂരിലെത്തിയ ആശ മാല്‍വിയ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടു. ‘കേരളത്തില്‍ സ്ത്രീകള്‍ എത്രയോ സുരക്ഷിതരാണ്! മികച്ച സ്വീകരണമാണിവിടെ ലഭിച്ചത്’  ആശ ആവേശത്തോടെ പറയുന്നു. ഇന്‍ഡ്യ സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ഇന്‍ഡ്യയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജീവിക്കാനും സ്വയം പര്യാപ്തരാകാനും സാധിക്കണമെന്നാണ് ആശയുടെ ആഗ്രഹം.

Signature-ad

നവംബര്‍ ഒന്നിന് ഭോപാലില്‍ നിന്നും പുറപ്പെട്ട് ഗുജറാത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. തമിഴ്നാട്, കര്‍ണാടക, ഒഡിഷ വഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കടന്ന് ജമ്മു കശ്മീര്‍ ഉള്‍പെടെ ഇന്‍ഡ്യ മുഴുവന്‍ യാത്ര ചെയ്യാനാണ് തീരുമാനം.

കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോയി. കേരളത്തിലെ നാടും ഭൂപ്രകൃതിയും ഏറെ ഇഷ്ടമായെന്ന് ആശ പറയുന്നു. മൂന്ന് മുഖ്യമന്ത്രിമാരെ നേരില്‍ കണ്ടു. ഒപ്പം ജില്ലാ കലക്ടര്‍മാരെയും, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് സംസാരിക്കും. അടുത്ത വര്‍ഷം ഡെല്‍ഹിയിലെത്തി രാഷ്ട്രപതിയെ കാണണം.

മധ്യപ്രദേശിലെ രാജ്ഘര്‍ ജില്ലയിലെ നടാറാം ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ആശ  ദേശീയ കായിക മത്സരങ്ങളില്‍ അത്ലറ്റിക്സില്‍ മൂന്ന് തവണ നേട്ടം കൈവരിച്ചു. 300 ഓളം സൈകിള്‍ റൈഡുകള്‍ പൂര്‍ത്തിയാക്കി. ദിവസം 250 കിലോമീറ്ററോളം സൈകിളില്‍ സഞ്ചരിക്കും. വീട്ടില്‍ അമ്മയും അനിയത്തിയുമാണുള്ളത്. 12 വയസ് മുതല്‍ കായിക രംഗത്തുള്ള ആശ സാഹസികത ഏറെ ഇഷ്ടമാണെന്ന് പറയുന്നു. യാത്രാനുഭവങ്ങള്‍ ഉള്‍പെടുത്തി ഒരു പുസ്തകമെഴുതാനുള്ള ശ്രമത്തിലാണ് ഈ 24 കാരി.

Back to top button
error: