KeralaNEWS

ചികിത്സാ സഹായത്തിന്റെ മറവിൽ വമ്പൻ വെട്ടിപ്പ്. പണപ്പിരിവ് തൊഴിലാക്കിയ നിരവധി ഏജൻസികൾ കോടികൾ പിരിച്ചെടുക്കുന്നു

ആർ സി സിയിൽ ചികിത്സയിലുള്ള ഒരു വയസ്സുകാരിയുടെ പേരിൽ പണപ്പിരിവ് നടത്തിയ സംഘം പൊലീസ് പിടിയിലായത് അടുത്ത സമയത്താണ്. വ്യാജ ചാരിറ്റി സംഘടനയുടെ പേര് പറഞ്ഞായിരുന്നു ഫ്ളക്സ് അടിച്ച് തട്ടിപ്പ് നടത്തിയത്. മൂന്ന് പേരെയാണ് പാലാ പൊലീസ് പിടികൂടിയത്.

 ബ്ലഡ് ക്യാൻസർ ബാധിച്ച് തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുകാരിയുടെ പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയക്ക് വേണ്ടി കുട്ടിയുടെ ചിത്രത്തോടു കൂടിയ ഫ്ലക്സ് അടിച്ച് നാട്ടുകാരിൽ നിന്നും പണം പിരിച്ചു. വ്യാപാര സ്ഥാപനങ്ങളിലും  യാത്രക്കാരോടും പണം പിരിക്കുന്നത് കണ്ടു ഫ്ളക്സിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കൊല്ലം സ്വദേശിയായ ചന്ദ്രപ്രസാദ് പണം പിരിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എന്ന് അറിയിച്ചത്. പിടികിട്ടാപുള്ളി അടങ്ങിയ തട്ടിപ്പ് സംഘം ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങി.

മലപ്പുറം സ്വദേശിയായ സഫീർ, കോട്ടയം ഒളശ്ശ സ്വദേശി ലെനിൽ, ചെങ്ങളം സ്വദേശി ജോമോൻ  എന്നിവരെയാണ്  പാലാ പഴയ ബസ് സ്റ്റാൻടിനടുത്ത് നിന്നും പിടികൂടിയത്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക വീതിച്ചെടുത്തു ആർഭാടജീവിതത്തിന്  ഉപയോഗിച്ചിരുന്നതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു,

ബസ്‌സ്റ്റാന്റുകൾ കേന്ദ്രീകരിച്ചും വീടുകളിൽ കയറിയിറങ്ങിയും രോഗികളുടെ പേരിൽ പണപ്പിരിവ് നടത്തുന്ന ഇത്തരം സംഘങ്ങൾ സംസ്ഥാനമാകെ പെരുകുന്നു. ചില ഏജൻസികളുടെ പേരിലാണ് പിരിവ് നടത്തുന്നത്. പിരിച്ചെടുത്ത സംഖ്യയുടെ 50 ശതമാനം ഏജൻസികൾക്ക് കമ്മീഷൻ എന്നാണ് അലിഖിത നിയമം. എന്നാൽ പിരിച്ചെടുക്കുന്ന സംഖ്യക്ക് ആർക്കും കണക്കില്ല. ഏജൻസി പറയുന്നതാണ് കണക്ക്. യഥാർത്ഥത്തിൽ പിരിച്ച തുകയുടെ ചെറിയൊരംശം ചിലപ്പോൾ രോഗികൾക്ക്  കിട്ടിയാലായി. കിട്ടുന്നത് ആശ്വാസം എന്ന് കരുതി രോഗിയോ ബന്ധുക്കളോ അത് ചോദ്യം ചെയ്യാറുമില്ല.

എറണാകുളത്തോ, പാലക്കാടോ കോട്ടയത്തോ ഒക്കെയുള്ള രോഗികളുടെ പേരിലായിരിക്കും പിരിവ് നടക്കുന്നത്. അങ്ങിനെ ഒരു രോഗിയുണ്ടോ എന്ന് പരിശോധിക്കാൻ പോലും സംവിധാനമില്ല.

ഒരോ ജില്ലയിലും ക്യാമ്പ് ചെയ്ത് ബസ്‌സ്റ്റാൻ്റുകളിലും വീടുകളിലുമായിരിക്കും പിരിവ്. ചില ചാരിറ്റി സംഘടനകളുടെ പേരിലുള്ള ഫ്ലക്സ് ബാനർ പരിസരത്തായി കെട്ടി വെക്കും. അതിൽ ചില വ്യാജ രജിസ്ട്രേഷൻ നമ്പരും ഫോൺ നമ്പറുകളുമൊക്കെ എഴുതി വെച്ചിട്ടുണ്ടാവും. ആ നമ്പറുകൾ മിക്കവാറും പിരിവു സംഘത്തിൽ പെട്ടവരുടേതായിരിക്കും. അതിൽ വിളിച്ചു ചോദിച്ചാൽ രോഗിയെക്കുറിച്ചുള്ള കള്ളക്കഥ മണിമണി പോലെ പറയും. ബക്കറ്റുമായി പണപ്പിരിവിന് കുറച്ചുപേരുണ്ടാകും. പല സംഘങ്ങളിലും സ്ത്രീകളാണ് കൂടുതൽ. അവർ ബസ്സുകളിലും വഴിയാത്രക്കാരോടും വീടുകൾ കയറിയിറങ്ങിയുമൊക്കെ  തങ്ങളുടെ ജോലിസമയം തീരുന്നതുവരെ പിരിവ് നടത്തും.

ചില സംഘങ്ങളിൽ അനൗൺസ്മെന്റിനും പാട്ടുപാടാനുമുള്ള മൈക്കും ഓട്ടോറിക്ഷയോ കാറോ ഒക്കെയുണ്ടാവും. ഇങ്ങനെ ജില്ലയിലാകെ ആഴ്ചകൾ കൊണ്ട്  പിരിവ് പൂർത്തിയാക്കിയ ശേഷം അടുത്ത ജില്ലയിലേക്ക് പോകും. അവിടെ ക്യാമ്പ് ചെയ്ത് പിരിവ് തുടരും. സംസ്ഥാനത്തെ ഓരോ ജില്ലകളിലും നിന്നും കോടികളാണ് ഈ സംഘങ്ങൾ സമാഹരിക്കുന്നത്. ഒരു രോഗിയുടെ പേരിലുള്ള പിരിവ് കഴിഞ്ഞാൽ ബോർഡും ബാനറുമൊക്കെ മാറ്റി പുതിയ രോഗികളുടെ പടങ്ങളുമായി വീണ്ടും പണപ്പിരിവ് തുടരും. ഇത്തരം പിരിവിലൂടെ സമ്പന്നരായ ചില ‘നന്മമരങ്ങൾ’ തന്നെയുണ്ട്.

 ഇങ്ങനെ ഒരു രോഗി ജീവിച്ചിരിപ്പുണ്ടോ, അവർ ചികിത്സാ സഹായം അർഹിക്കുന്നുണ്ടോ എന്നൊന്നും അന്വേഷിക്കാൻ ആരും മുതിരാറില്ല. കീശയിലുള്ളതെടുത്ത് ബക്കറ്റിലിട്ട് കടമ നിറവേറ്റിയതായി ആശ്വസിച്ച് പോകുകയാണ് മിക്കവാറും ആളുകൾ ചെയ്യുക. ആർക്കും എവിടേയും എങ്ങിനേയും പണപ്പിരിവ് നടത്താവുന്ന ഒരു നാട്ടിൽ ഇത്തരം പിരിവുകളുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടാനോ അന്വേഷിക്കാനോ പോലീസ് അധികാരികളും മുതിരാറില്ല. പിടിപ്പെത് പണികൾക്കിടയിൽ ആരെങ്കിലും പരാതിപ്പെട്ടാൽ പോലും ഇതൊക്കെ അന്വേഷിക്കാൻ സമയം കിട്ടാറില്ലെന്നാണ് ച പോലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. തദ്ദേശ ഭരണസ്ഥാപങ്ങളുടെ നിയന്ത്രണത്തിലാണ് ബസ് സ്റ്റാന്റുകളും മറ്റും. പക്ഷേ ഇവിടങ്ങളിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾ പരിശോധിക്കാനോ തടയാനോ അവർക്കും സംവിധാനങ്ങളില്ല.

Back to top button
error: