CrimeIndiaNEWS

ശ്രദ്ധ വധക്കേസിൽ പോലീസിന് ആശ്വാസം; വനത്തിൽ നിന്നു ലഭിച്ച അസ്ഥി ശ്രദ്ധയുടേതെന്നു സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ നടുക്കിയ ശ്രദ്ധ വാൾക്കർ കൊലക്കേസിൽ പോലീസിന് ആശ്വാസം. മെഹ്‌റൗളി വനമേഖലയില്‍ നിന്ന് ശേഖരിച്ച അസ്ഥികൾ ശ്രദ്ധയുടേതെന്ന് സ്ഥിരീകരിച്ചു. ശ്രദ്ധയുടെ പിതാവില്‍ നിന്ന് ശേഖരിച്ച ഡി.എൻ.എ. സാംപിളില്‍ നിന്നാണ് ഇതു സ്ഥിരീകരിച്ചത്. ഡി.എൻ.എ. പരിശോധനാ ഫലം പ്രതികൂലമായിരുന്നെങ്കിൽ അന്വേഷണത്തെത്തന്നെ അത് ബാധിക്കുമായിരുന്നു. ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണ്ടി വരികയും ചെയ്യുമായിരുന്നു.

13 എല്ലിന്‍ കഷണങ്ങളാണ് മേഖലയില്‍ നിന്ന് കണ്ടെത്തിയത്. അഫ്താബ് അമിന്‍ പൂനാവാല ശ്രദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ശരീരം 35 കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്.

Signature-ad

മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ശ്രദ്ധയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ മേയ് 18നാണ് ശ്രദ്ധ കൊല്ലപ്പെട്ടത്.

3 ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണു ഡൽഹി നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതെന്നു പൊലീസ് പറയുന്നു. മുംബൈയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോഴാണു ശ്രദ്ധയും അഫ്താബും പ്രണയത്തിലായത്. കുടുംബങ്ങള്‍ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വര്‍ഷമാദ്യം ഇവര്‍ ഡല്‍ഹിയിലേക്കു താമസം മാറ്റുകയായിരുന്നു.

 

Back to top button
error: