ചെന്നൈ: പുള്ളിപ്പുലി സ്കൂട്ടറിനു നേരെ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു. തമിഴ്നാട് ഗൂഡല്ലൂര്‍ കമ്മാത്തി സ്വദേശിനി സുശീല(18) ക്കെതിരേയാണ് വനപാലകര്‍ കേസെടുത്തത്. ഗൂഡല്ലൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി.ബി.എസ്. വിദ്യാര്‍ഥിയായ പെണ്‍കുട്ടി നവംബര്‍ 30-ന് രാത്രി എട്ടരയോടെ സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
മൈസൂരു ഹൈവേയിലെ പുത്തൂര്‍വയല്‍ സെമറിറ്റന് ആശുപത്രിക്ക് സമീപമാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. നെറ്റിയിലും കൈകാലുകളിലും പരുക്കേറ്റ യുവതി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സതേടിയത്. സംഭവത്തെത്തുടര്‍ന്ന് പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, പുലിയെ കണ്ടെത്താന്‍ കഴിയാതായതോടെ, പെണ്‍കുട്ടി തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് വനംവകുപ്പ് നടപടി.
ഗൂഡല്ലൂര്‍ റെയ്ഞ്ചറാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഈ ഭാഗത്ത് നാലുപേരെ പുലി ഓടിച്ചതായി നേരത്തേ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനംവകുപ്പിന്റെ നിരുത്തരവാദ നടപടിക്കെതിരേ ജനപ്രതിനിധികളും ചില സംഘടനകളും ഗൂഡല്ലൂര്‍ ആര്.ഡി.ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.